ഞാനവിടെ പദ്മാസനം ബന്ധിച്ച് സങ്കൽപ്പം കൊണ്ട് ഭസ്മ സ്നാനം കഴിച്ച് ഭസ്മധാരണവും ചെയ്ത് കുടുംബ ദേവതക്ക് മാനസപൂജ ചെയ്ത് വന്ദിച്ച് എഴുന്നേറ്റു. ജംഷി വാനമാകെ കുങ്കുമ വർണ്ണം പടർത്തി ദൂരെ കടലിൽ മുങ്ങി താഴുന്ന അർക്കബിംബത്തിൻ്റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു. ഉത്തരായനത്തിലെ സൂര്യൻ്റെ സഞ്ചാരം. പകൽ അവസാനിക്കാത്തത് പോലെ തോന്നുന്നു. ജംഷീർ അസ്തമയ സൂര്യൻ്റെ കുറച്ച് ഫോട്ടോസ് എടുത്തു. ഇലക്ട്രിക് ലൈറ്റുകൾ തെളിഞ്ഞ് തുടങ്ങി. ഞാനും ജംഷിയും നടപ്പാതയുടെ അറ്റത്തേക്ക് നടന്നു. അവിടെ ഒരു കാമുകനും കാമുകിയും ഇരുന്ന് ചുംബിക്കുന്നു. ഞങ്ങൾ അവരെ കണ്ടിരുന്നില്ല. തിരമാല അടിച്ചു കയറുന്നത് കൊണ്ട് ചെറിയ മൂടൽമഞ്ഞ് പോലെയുണ്ട്. പോരാത്തതിന് ഇരുട്ടായത് കൊണ്ട് ദൂരേക്ക് കാണുന്നുമുണ്ടായിരുന്നില്ല. അവർക്ക് ശല്യമാവണ്ട എന്ന് കരുതി ഞങ്ങൾ തിരിഞ്ഞ് നടന്നു.
“ചെറിയ പെണ്ണാല്ലേ കണ്ണാ. ഒരുത്തനേം വിശ്വസിക്കാൻ പറ്റൂല. ക്ലിപ്പ് വരുമ്പഴേ അറിയൂ. കണ്ടിട്ട് ഒരു ലോക്കൽ സെറ്റ് അപ്പ്. കളറടിച്ച ആ ചുരുണ്ട മുടീം. ഇവനൊക്കെ എങ്ങനേടാ പെണ്ണ് സെറ്റാവുന്നത്? എന്ത് കണ്ടിട്ടാ? വല്ല പ്ലസ് ടു ടീമും ആവും”
“ഇപ്പോഴോ? ഈ ഏപ്രിൽ മാസത്തില് എന്ത് പ്ലസ് ടു ? പേർസണാലിറ്റി കണ്ടിട്ടാവും. മുടി കളറടിച്ച് നടക്കുന്നത് ഒരു പ്രായത്തില് ചെയ്യുന്നതാ. അവര് പ്രേമിക്കുന്നവരാ. മിക്കവാറും കല്യാണം കഴിക്കുമായിരിക്കും. ശ്രദ്ധിച്ച് നോക്ക്. ആ പെണ്ണിൻ്റെ ബോഡി ലാംഗ്വേജ് നോക്ക്. ഒരിത്തിരി നാണമുണ്ട്. എന്നാലും അവനെ നല്ല വിശ്വാസമുണ്ട്. പണി കഴിഞ്ഞ് ഇറങ്ങിയ ഉടനെ കാമുകിയേയും കൊണ്ടിറങ്ങിയതാവും. മുറപ്പെണ്ണെങ്ങാനുമാവും. ഏകദേശം ഒരു ചേർച്ചയൊക്കെയുണ്ട്. പാൻ്റ് കണ്ടില്ലേ? ആ പോക്കറ്റുകള് നോക്ക്. ഇലക്ട്രിക്കൽ വർക്കാ. ലോവർ മിഡിൽ ക്ലാസ് സെറ്റപ്പാ. ആ പെണ്ണും ചെലപ്പോ വല്ല കടേലും നിക്കാവും. പണി കഴിഞ്ഞ് ശരിക്ക് ക്ലീനപ്പിനു പോലും സമയം കിട്ടീട്ടില്ല. പിന്നെപ്പോ എല്ലാം ബ്രെയിനിൻ്റെ കാര്യല്ലേ. ബ്രെയിൻ ആൻഡ് ഇറ്റ്സ് കെമിക്കൽസ്. അതിൻ്റെ ഇൻ്റർപ്രട്ടേഷൻ. ഒക്കെ തലച്ചോറ് തീരുമാനിക്കും. പ്രേമിക്കുന്നവർക്കൊക്കെ പാരീസില് പോയി ഉണ്ടാക്കാൻ പറ്റ്വോ? ചില സമയത്ത് കാൻഡിൽ ലൈറ്റ് ഡിന്നറിനേക്കാളും എഫക്റ്റ്ണ്ടാവും ഇഷ്ടപ്പെട്ട ആളൊപ്പം തട്ടുകടേന്ന് ദോശേം ചമ്മന്തീം കഴിക്കുന്നതിന്. ആൻഡ് ദാറ്റ്സ് നൺ ഓഫ് അവർ ബിസിനസ്. അനാവശ്യ കാര്യങ്ങളിൽ തലയിടാഞ്ഞാൽ തന്നെ നല്ല സമാധാനണ്ടാവും ജീവിതത്തില്. നമുക്ക് പോവാം. ഇവിടെ നിക്കണ്ട”