ജംഷീർ മറുപടി ഒന്നും പറയാതെ ചെന്ന് ബൈക്ക് സ്റ്റാർട്ടാക്കി. ഞാൻ പിന്നിൽ കയറി. ദൂരെ പാടങ്ങൾക്ക് നടുവിൽ ഉയരുന്ന തൂണുകൾ ഞങ്ങൾക്ക് പിന്നിലായി മറഞ്ഞു. വട്ടപ്പാറ വളവ് നിവരാൻ പോകുന്നു.
“ഇയ്യ് കുപ്പനെ കണ്ടീല്ലേ”?
“ഞാനൊരു പ്രാവശ്യമേ കണ്ടുള്ളൂ. അതും അന്ന് രാത്രിയില്”
“ഏകദേശം അന്നെപ്പോലെയാണ് കാണാനും സ്വഭാവോം. ഇക്കാക്കാൻ്റെ ഫ്രണ്ടേന്നു. അൻ്റത്ര മൂർച്ചല്ല പെരുമാറ്റത്തിന്. ചെല സമയത്ത് ഇയ്യങ്ങനെയാ. ഇത്താത്താനേക്കാളും നാല് വയസ്സിന് എളേതാ. എങ്ങനേ ഓര് പ്രേമത്തിലായത് ന്നൊന്നും ഇക്കറിയൂല. നാലഞ്ച് കൊല്ലം ആയേന്നു ഓര് പ്രേമിക്കാൻ തൊടങ്ങീട്ട്. ഓ.. അല്ലേപ്പോ ഞാനെന്തിനാ പറയണത്? അന്നോടൊക്കെ ഇത്താത്ത പറഞ്ഞിണ്ടാവൊല്ലോ”
ബൈക്കിന് വേഗത കൂടി. നൂറിന് മുകളിലെത്തി. ഞാനൊന്നും പറഞ്ഞില്ല. ജംഷി ബൈക്കോടിക്കുകയാണ്. ഷോർട്ടിന് വീഡിയോ എടുക്കാൻ വന്നവനാണ്. എങ്ങോട്ടാണാവോ ഓടിക്കുന്നത്. ഇരുന്നൂറ് കിലോമീറ്ററ് ഈ അവസ്ഥയിൽ എന്തായാലും പോകും. ടാങ്കിൽ പെട്രോളുണ്ട്. വെറുതേ വണ്ടി എടുത്ത് ചായ കുടിക്കാനാന്നും പറഞ്ഞ് ധനുഷ്കോടിക്ക് എന്നെയും കൊണ്ട് പോയവനാണ്. ജംഷി സംസാരിച്ച് തുടങ്ങി.
“ഓര് രണ്ട് മക്കളാ. കുപ്പൻ്റെ താഴെ ഒരു ബ്രദറാ. മസില് തളർന്ന് അനങ്ങാൻ വയ്യാത്ത എന്തോ അസുഖം വന്ന് ചെറുപ്പത്തിലേ മരിച്ചു”
“എന്താടാ കേക്കാൻ വയ്യ”
ബൈക്കിന് സ്പീഡ് കുറഞ്ഞു. ഞങ്ങൾ തേഞ്ഞിപ്പാലത്ത് എത്തി. മുന്നിൽ ഒരു ഡൈവേർഷൻ ബോർഡുണ്ട്. വലിയൊരു മൺകൂനക്ക് മുകളിലൂടെ കയറി ഇടത് വശത്തെ റോഡിലേക്ക് ഞങ്ങൾ തിരിഞ്ഞു.