“രേണു വന്നിട്ടുണ്ടാവും. ഞാനെന്നാ ഇറങ്ങിയാലോ? ഷാനാത്ത എപ്പഴാ പോണത്”?
“ആർക്കറിയാ? ഓൻ കൊണ്ടോയി ആക്കുമ്പോ പോവേരിക്കും”
അതും പറഞ്ഞ് ഉമ്മ പൂമുഖത്തെ മരപ്പടിയിൽ വന്നിരുന്നു. ഞാൻ ഷൂവിൻ്റെ ലേസ് കെട്ടി കഴിഞ്ഞ് കുറച്ച് നേരം ആലോചിച്ച് നിന്നു.
“എന്താടാ”?
“നിങ്ങളെ കൂട്ടത്തിലേ നിക്കാഹ് കഴിച്ച് പെണ്ണിനെ വീട്ടിലേക്ക് കൊണ്ട് വന്നൂടേ? മാര്യേജ് വരെ കാത്ത് നിക്കണ്ടല്ലോ. ഞാനതോർത്തതാ”
“ഓൻ പറഞ്ഞത് കേട്ടീല്ലേ? എന്തേലും പറയീ”
ഷഹാന മാനുക്കയെ തോണ്ടി.
“ഞങ്ങക്ക് അത്രക്ക് തെരക്കൊന്നൂല്ല കണ്ണാ”
മാനുക്കക്ക് അത് കത്തിയിട്ടില്ല എന്നും ഉടനെ ഒന്നും കത്താൻ സാധ്യത ഇല്ല എന്നും മനസ്സിലായ ഷഹാന അതും പറഞ്ഞ് എന്നെ യാത്രയാക്കി.
ഞാൻ എല്ലാവരോടും ഒന്നു കൂടി യാത്ര പറഞ്ഞിറങ്ങി. ജംഷീർ ഒരു ബാഗും പുറത്തിട്ട് വന്ന് എൻ്റെ കൂടെ ബൈക്കിൽ കയറി.
“പുറത്തൂന്ന് കുറച്ച് വീഡിയോ എടുക്കാനാ. ചാനലില് പുതിയതിട്ടിട്ട് ഒന്നര മാസായി. കാണുന്നോരെ വിചാരം നമ്മക്കെന്തോ പറ്റീന്നാ. ബിസിയായോണ്ടാന്നോർക്കറിയില്ലല്ലോ. അത് കഴിഞ്ഞിട്ട് ഇയ്യ് ഇന്നെ ആ റോട്ടിലെറക്കിയാ മതി”
ഞാൻ നെൽപ്പാടങ്ങൾക്ക് നടുവിൽ ബൈക്ക് നിർത്തി. ദേശീയപാതയുടെ പണി പുരോഗമിക്കുന്നു. വയലുകൾക്ക് നടുവിലൂടെ വയഡക്റ്റിനുള്ള തൂണുകൾ ഉണ്ടാക്കുകയാണ്. പൂർത്തിയായാൽ പാടത്തിന് മുകളിലൂടെ റോഡു വരും. താഴെ പച്ചച്ച വയലേലകൾ മനോഹരമായ കാഴ്ചയായിരിക്കും. വേനലിൽ വരണ്ടുണങ്ങി വിണ്ടു കീറിയ പാടത്തെ മൺകട്ടകൾ ചവിട്ടി നടക്കുമ്പോൾ കാലിനടിയിൽ നിന്ന് തെന്നി മാറുന്നു. ഞങ്ങൾ കണ്ടത്തിൻ്റെ ഒത്ത നടുവിലേക്ക് നടന്നു. പോക്കു വെയിലിൻ്റെ സ്വർണപ്രഭയിൽ കുളിച്ച് നിൽക്കുന്ന തെങ്ങിൻ തലപ്പുകൾ അതിരിടുന്ന ആകാശം ക്യാമറയുടെ ഫ്രെയിമിൽ തെളിഞ്ഞു. കൊട്ടനടിച്ചു കിടക്കുന്ന പാടത്ത് വെച്ച് ഞങ്ങൾ ഒരു ഡാൻസ് വീഡിയോ എടുത്തു. ഞാൻ ആ ഡാൻസ് ക്യാമറയുടെ ചെറിയ സ്ക്രീനിൽ പ്ലേ ചെയ്ത് നോക്കുകയായിരുന്നു.