തലപ്പാറയിൽ നിന്ന് ഞാൻ ചെമ്മാട്ടേക്കുള്ള റോഡിലേക്ക് തിരിഞ്ഞു. മമ്പുറത്തേക്കുള്ള റോഡ് ദേശീയ പാതയുടെ പണി നടക്കുന്നത് കൊണ്ട് അടച്ചിരിക്കുന്നു. വീണ്ടും പിന്നിലേക്ക് പോയി മറ്റൊരു വഴിയിലൂടെ ചുറ്റി വളഞ്ഞ് പോകണം. തിരിച്ച് പോകാൻ തോന്നിയില്ല. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെറു പാതകളും ഇടവഴികളും പിന്നിട്ട് ഇരുവശത്തും പന്നൽ ചെടികൾ വളർന്ന ചെങ്കല്ല് വെട്ടിയിറക്കിയ നീണ്ട മൺപാതയിലേക്ക് ഞാൻ ബൈക്ക് ഇറക്കി. ഒരു എളുപ്പ വഴിയാണ് അത്. ദൂരെ മാളിയേക്കൽ തറവാടിൻ്റെ ഗേറ്റ് ഞാൻ കണ്ടു. ഗേറ്റ് തുറന്നിട്ടിരിക്കുന്നു. മുറ്റത്തെ സൈപ്രസ് മരത്തിൻ്റെ ചുവട്ടിൽ ബൈക്ക് നിർത്തിയിട്ട് നിലത്ത് വിരിച്ച ചരലിലൂടെ ഞാൻ നടന്നു. ഷൂവഴിച്ചു വെച്ച് ഞാൻ പൂമുഖത്തേക്ക് കയറി.
പച്ച കമ്പളത്തിൽ തിളങ്ങുന്ന സ്വർണ്ണ നൂലിനാൽ അറബിയിൽ പ്രധാനപ്പെട്ട എന്തോ ഒന്ന് തുന്നിച്ചേർത്ത പഞ്ചഭുജാകൃതിയിലുള്ള ഈയം കൊണ്ടുള്ള വലിയ ലോഹച്ചട്ടത്തിനു താഴെ രണ്ട് പാളികളുള്ള മഹാഗണിയിൽ തീർത്ത പഴയ കാല മുസ്ലീം ഗൃഹങ്ങളുടേതായ സവിശേഷമായ കൊത്തു പണികളുള്ള കനമേറിയ വലിയ വാതിൽ തുറന്നു കിടക്കുന്നു. ഉപ്പ എങ്ങോട്ടോ പോവാൻ തുടങ്ങുകയാണെന്ന് തോന്നുന്നു. കറുത്ത ബെൻസ് മുറ്റത്തുണ്ട്. ഡ്രൈവർ ബഷീറിക്ക പൂമുഖത്തെ മരപ്പടിയിൽ ഇരിക്കുന്നു. ഞാൻ മനോഹരമായി ചിരിച്ചു കാണിച്ചു. ഇടക്കിടക്ക് വരുന്നത് കൊണ്ട് ജോലിക്കാരെയൊക്കെ എനിക്ക് അറിയാം. അവർക്ക് എന്നെയും അറിയാം.
ജുമൈലത്ത് പുറത്തേക്ക് വന്നു. ബാംഗ്ലൂരിൽ ഗൈനക്കോളജിസ്റ്റാണ്. ജംഷീറിൻ്റെയും മൻസൂറിൻ്റെയും മൂത്ത ജ്യേഷ്ഠത്തി. മൂന്ന് ദിവസം മുൻപാണ് എത്തിയത്.