അച്ഛച്ഛൻ മരിച്ച് അഞ്ച് മാസം ആയതേ ഉണ്ടായിരുന്നുള്ളൂ. ആ ഒരു ഒറ്റപ്പെടലിലുണ്ടായ ആത്മഹത്യാ ശ്രമമാണെന്നായിരുന്നു തൽപര കക്ഷികളുടെ വ്യാഖ്യാനം. ജംഷീറും നീഹയും കൂടുതൽ പറയാനൊന്നും പോയില്ല. ഇൻസ്റ്റിറ്റ്യൂട്ടിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പ്രശ്നമാണെന്ന് പുറത്തറിയുന്നത് അവർക്കും ബുദ്ധിമുട്ടായിരുന്നു. നീഹയുടെ പപ്പ ഇടപെട്ട് ആത്മഹത്യാ ശ്രമം വലിയ പ്രശ്നമൊന്നുമാകാതെ ഒതുക്കി തീർത്തു. അന്ന് രണ്ട് കാര്യങ്ങൾ സംഭവിച്ചു. ഞങ്ങളുടെ സൗഹൃദവും പിന്നെ നീഹക്കും ജംഷീറിനും മാത്രം അറിയാവുന്ന കാലാന്തരത്തിൽ ഞാനും അറിയേണ്ടിവന്ന ഒരു രഹസ്യവും. ജിത്തുവും അരവിന്ദും സ്റ്റിച്ച് വെട്ടിയ ദിവസം എന്നെ കാണാൻ വന്നു. ഹോസ്റ്റലിൽ നിന്ന് ചാടി രാത്രി പാനിന്ത്യൻ സിനിമക്ക് പോയപ്പോൾ ബൈക്ക് മറിഞ്ഞ് വീണ് ആക്സിഡൻ്റായി കിടക്കുകയായിരുന്നു രണ്ടും. എന്നെയും വിളിച്ചതായിരുന്നു. തൊട്ടടുത്ത ദിവസം കെമിസ്ട്രി ടെസ്റ്റുണ്ടായിരുന്നത് കൊണ്ട് ഞാൻ പോയില്ല.
അത് പോലെ തന്നെയായിരുന്നു വർഗീസ് ചേട്ടൻ്റെ തെറ്റിദ്ധാരണയും. എക്സാമൊക്കെ കഴിഞ്ഞ സമയം. പൂജക്ക് രമേശേട്ടൻ കുറച്ച് തെങ്ങിൻ കള്ള് എത്തിച്ച് തന്നതിൻ്റെ ബാക്കി ആരുമറിയാതെ കൊല്ലിക്കടുത്തുള്ള ഷെഡ്ഡിൽ ഇരുന്ന് കുടിക്കാം എന്ന് കരുതി കൊല്ലിക്കടുത്ത് പാത്തും പതുങ്ങിയും നിൽക്കുന്നത് വർഗീസ് ചേട്ടൻ കണ്ടു. കോട്ടയത്ത് സംഭവിച്ചത് വർഗീസ് ചേട്ടന് അറിയാമായിരുന്നു. അതു കൊണ്ട് ഞാൻ ചാടി ചാവാൻ പോവുകയാണെന്ന് പാവം വിചാരിച്ചു. ഞാൻ ജംഷീറിനെ വിളിച്ച് വരുത്തി. കള്ളും കുപ്പിയും കാണിച്ചു കൊടുത്തു. ആത്മഹത്യാ ശ്രമത്തിൻ്റെ സത്യാവസ്ഥ ഒരു വിധത്തിൽ വർഗീസ് ചേട്ടനേയും രേണുവിനേയും ബോധ്യപ്പെടുത്തി. നീഹയേയും വിളിച്ച് ചോദിച്ചിട്ടാണ് രേണു വിശ്വസിച്ചത്. എന്നാലും ഇപ്പോഴും പഴയ ആത്മഹത്യ കുത്തിപ്പൊക്കി എന്നെ വെറുതേ തോണ്ടുന്നത് രേണുവിൻ്റെ ഒരു വിനോദമാണ്. പിന്നെ ഒരു ഗുണമുണ്ടായത് പനങ്കള്ളോ തെങ്ങിൻ കള്ളോ ആയി കുടിക്കാൻ രേണുവും ഒപ്പം ഉണ്ടാകും എന്നതാണ്.