അതിനടുത്ത ഒരു ദിവസം ലൈബ്രറിയിലെ ഒരൊഴിഞ്ഞ കോണിലിരുന്ന് ഞാൻ സ്റ്റഡി മെറ്റീരിയലുകൾ മറിച്ചു നോക്കുകയായിരുന്നു. നീഹാരിക എൻ്റെ മുൻപിൽ വന്നിരുന്നു. ‘ഐയാം നീഹാരിക മാത്തൻ’ അവൾ പുഞ്ചിരിച്ചു കൊണ്ട് കൈ നീട്ടി. എനിക്കറിയാം. ഞാൻ പ്രതിവചിച്ചു. പൊതുവേ ഞാനങ്ങനെ ആരേയും ശ്രദ്ധിക്കാറില്ലായിരുന്നു. എന്ന് കരുതി ക്ലാസിലുള്ളവരുടെ പേര് പോലും അറിയാത്ത ഒരു പോഴനൊന്നുമല്ല. നീഹാരിക അങ്ങനെയാണോ കരുതിയത് എന്നൊന്നും എനിക്കറിയില്ല. ഞാനും കൈ കൊടുത്ത് ഔപചാരികമായി തന്നെ പരിചയപ്പെട്ടു. “ഐയാം നിഖിൽ ജയദേവ് “. നീഹക്ക് ഇൻ്റഗ്രേഷൻ പഠിപ്പിച്ച് കൊടുക്കാം എന്ന് ഞാൻ സമ്മതിച്ചു. കറൻ്റിൻ്റെ കളികളും മൊമെൻ്റ് ഓഫ് ഇനേർഷ്യയും നീഹ എന്നെയും പഠിപ്പിച്ചു. ജംഷീർ അലിയെ പരിചയപ്പെട്ടത് ഇതിലും രസകരമായ സംഭവമായിരുന്നു.
ഒരു ഉച്ച സമയത്തെ ഇൻ്റർവെല്ലിന് നാലാം നിലയിലെ ലൈബ്രറിക്ക് മുന്നിലുള്ള കോറിഡോറിൽ നിന്ന് ഞാൻ സീരീസ് ടെസ്റ്റ് പേപ്പറുകളുടെ ചോദ്യങ്ങൾ നോക്കുകയായിരുന്നു. ആ സമയത്ത് കോറിഡോറിൽ അങ്ങനെ ആരും ഉണ്ടായിരുന്നില്ല. നീഹ ഒ എം ആർ ഷീറ്റ് കറുപ്പിച്ച് നോക്കാൻ ഒരു പെൻസിൽ എൻ്റെ നേരെ നീട്ടി. ഞാൻ പെൻസിൽ കയ്യിൽ പിടിച്ച് എഴുതാൻ സൗകര്യത്തിന് പിന്നിലെ റെയിലിങ്ങിൽ ചാരി നിൽക്കാൻ ആഞ്ഞതും അതെല്ലാം കൂടി ചുവരിൽ നിന്നും പൊട്ടിയടർന്നതും ഒരുമിച്ചായിരുന്നു. എന്താണ് സംഭവിക്കുന്നത് എന്നെൻ്റെ ബോധമണ്ഡലത്തിൽ എത്തിയപ്പോഴേക്കും ഞാൻ താഴേക്ക് വീണു കഴിഞ്ഞിരുന്നു.