ദാദ്ര നാഗർ ഹവേലി ഒക്കെ ഓർമ്മ വരുന്നു. ബോംബെ താനെ റൂട്ടിലോടിയ ആ പഴയ മോഡൽ തീവണ്ടി കന്യാകുമാരിയിൽ നിന്ന് എങ്ങോട്ടോ പോകുന്നു. നെൽപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള റെയിൽ പാളം. ദീപാവലിയാണ്. പടക്കങ്ങളല്ല. പകരം ആകാശത്ത് വർണ മഴ പെയ്യിച്ച് കത്തിയമരുന്ന പൂക്കുറ്റികൾ. അനാദിയായ കാലത്തെപ്പോലും പ്രകമ്പനം കൊള്ളിക്കുന്ന കരി മരുന്ന് പ്രയോഗം കുംഭ കൊയ്ത്ത് കഴിഞ്ഞ പാടങ്ങൾക്കപ്പുറം ചുരുണ്ട് കൂടുന്ന ആകാശത്തിൽ നിറങ്ങൾ വാരി വിതറുന്നതിനിടയിൽ കൂടി പതുക്കെ നീങ്ങുന്ന ഡീസൽ ലോക്കോമോട്ടീവ്. കൽപ്പാത്തിയാണെന്ന് തോന്നുന്നു. സാമ്പാർ നാവിൽ തട്ടിയപ്പോൾ മനസ്സിൽ തെളിഞ്ഞതാണ് ആ രംഗം. കാരണം എന്താണെന്ന് എനിക്ക് മനസ്സിലായില്ല. ഈ പറഞ്ഞ നാഗർ ഹവേലി ഞാൻ അതിനു മുൻപ് ജീവിതത്തിൽ കണ്ടിട്ടു കൂടി ഉണ്ടായിരുന്നില്ല.
ഒരു തരം ഒരു ഇമേജറി. കഴിച്ചു കഴിഞ്ഞ ഉടനെ ഞാൻ അത് വരച്ചെടുത്തു. ആ റെയിൽ പാളത്തിനടുത്ത് പാടത്തിന് നടുവിൽ ചെറിയൊരു വീട്. പൂച്ചെടികൾ അതിരിട്ട മുറ്റം. മുറ്റത്ത് രണ്ട് പെൺ കുട്ടികൾ പൂത്തിരി കത്തിക്കുന്നു. ദീപാവലി തന്നെ. തെളിഞ്ഞ രാത്രിയാണ് സമയം. തമിഴ്നാട്ടിലെ ഏതോ ഉൾഗ്രാമമാണെന്ന് തോന്നുന്നു. ഉത്സവങ്ങളുടെ കാലം… ആഘോഷങ്ങളുടെയും. സന്തോഷത്തോടെ ഗൃഹനാഥൻ ഉമ്മറത്തെ തിണ്ടിലിരിക്കുന്നു. ഗൃഹനായിക അടുത്ത് ഒരു തൂണിനെ ചാരി നിൽക്കുന്നു. അത് ഞാനും രേണുവുമാണ്. ഞാൻ ഞെട്ടലോടെ ആ പെയിൻ്റിങ് ഒരു സീക്രട്ട് ഫോൾഡറിൽ സേവ് ചെയ്തു.