ഞാൻ കിണ്ടിയിൽ ഉണ്ടായിരുന്ന തീർത്ഥം രേണുവിൻ്റെ തലയിൽ ഇറ്റിച്ചു. കുറച്ച് കുടിക്കാനും കൊടുത്തു. കർപ്പൂര തുളസി ചവക്കാൻ കൊടുത്തു.
“ഇത് ബാക്കിണ്ടേന്നോ കണ്ണാ”?
“ഇതിനിപ്പോ എന്താ ബുദ്ധിമുട്ട്? വെള്ളം എടുക്കുന്നു. മന്ത്രം ചൊല്ലുന്നു. തീർത്ഥമാവുന്നു. ആ ഒരു ചുവ എങ്ങനണ്ട്”?
“കർപ്പൂര തുളസിയുടെ ചുവയുണ്ട്…. കണ്ണാ നിൻ്റെ വായക്ക് അരളിപ്പൂവിൻ്റെ മണം… ഇതിനാണേല് ആ ഉണക്കപ്പുല്ലുണ്ടല്ലോ അതിൻ്റെയൊക്കെ ഒരു മണവും ചുവയും ഒക്കെ ഉണ്ട് ”
ചില മന്ത്രങ്ങൾ ഉരുക്കഴിക്കുമ്പോൾ വായിൽ വല്ലാതെ ഉമിനീര് നിറയും. അപ്പോൾ.. അതല്ലെങ്കിൽ ഉണ്ട് കൈകഴുകാതെ ഇരുന്ന് ജപിക്കേണ്ട അവസരങ്ങളിൽ… അങ്ങനെയൊക്കെയുള്ള സന്ദർഭങ്ങളിൽ കർപ്പൂര തുളസി വായിലിട്ട് ചവക്കാൻ എടുക്കാറുണ്ട്. ഞാൻ ചന്ദനം ഓട്ടു കഷ്ണത്തിൽ അരച്ച് രേണുവിൻ്റെ നെറ്റിയിൽ തൊട്ടു.
“ഇപ്പോ എങ്ങനെയുണ്ട്? അച്ഛച്ഛൻ്റെ മണമായില്ലേ രേണുവിനും “?
ഇഡ്ഡലിയെടുത്ത് ഞാൻ അടുക്കളയുടെ സ്ലാബിൽ കയറി ഇരുന്നു. പണ്ട് തറവാട്ടിലായിരുന്നപ്പോൾ അച്ഛമ്മയുടെ അടുത്തിരുന്ന് ഇത് പോലെ കഴിക്കാറുണ്ടായിരുന്നു. അച്ഛമ്മയുടെ പഴം പുരാണവും കേട്ട് ചായ കുടിക്കുന്നു എന്ന് പറയുമ്പോൾ കുടുംബത്തെ പറ്റിയും കാരണവന്മാരെ കുറിച്ചുമുള്ള കഥകളാണ് കൂടുതലും. അച്ഛമ്മ അന്ന് പറഞ്ഞ കഥകളെടുത്ത് പൊളിച്ചെഴുതി കൂട്ടിച്ചേർത്താണ് ഞാൻ പുതിയ നോവലെഴുതിയത്. പറങ്കി മാവിൻ്റെ തടി കൊണ്ടുണ്ടാക്കിയ ഒരു പഴയ ബെഞ്ചിൻ്റെ അറ്റത്ത് രേണുവും വന്ന് ഇരുന്നു. കുക്കറിൻ്റെ അടപ്പ് തുറന്ന് ഒരു തവി കറി ഞാൻ രേണുവിൻ്റെ പാത്രത്തിലേക്ക് ഒഴിച്ചു. ഉഴുന്ന് കൂടിയത് കൊണ്ട് ഇഡ്ഡലിക്ക് നല്ല മയം. ഇഡ്ഡലിയുടെ ഉള്ള് വേകാത്തത് പോലെയാണ് എനിക്ക് തോന്നിയത്. കൂടെ പഴമയുടെ രുചിയുള്ള സാമ്പാറും.