“നല്ല വാസനയാണല്ലോ കണ്ണാ. സുഖമുള്ള ഒരു പ്രത്യേക മണം. അച്ഛൻ രാവിലെ പൂജ കഴിഞ്ഞ് ചായ കുടിക്കാൻ വന്നിരിക്കുമ്പോളത്തെ അതേ മണം”
അച്ഛച്ഛൻ്റെ ഗന്ധമാണ് എനിക്കെന്നാണ് രേണു പറയുന്നത്. അച്ഛച്ഛൻ ചെയ്യുന്ന അതേ പൂജയാണ് രാവിലെ ഞാൻ ചെയ്തത്. ഇന്നൊരു പ്രധാനപ്പെട്ട ദിവസമാണ്. അതാണ് വിധി വിധാനങ്ങളോട് കൂടി യന്ത്രം വരച്ച് നെയ്യും തെച്ചിപ്പൂവും കറുകയും എള്ളും ആയിരത്തി ഒന്ന് ഉരു മന്ത്രം ചൊല്ലി ഹോമിച്ചത്. സാധാരണ ദിനങ്ങളിൽ മന്ത്രോച്ചാരണത്തോടെയുള്ള ഉപാസനയാണ് പതിവ്. രാവിലെ നിലവിളക്ക് കൊളുത്തി ധ്യാന ശ്ലോകങ്ങൾ ചൊല്ലും. വൈകുന്നേരം സന്ധ്യാവന്ദനത്തിനൊപ്പം അത്യാവശ്യം ചില മൂർത്തികളെ ഒരു സാധകൻ എന്ന നിലക്ക് മൂലമന്ത്രം ചൊല്ലി മാനസപൂജ ചെയ്ത് ഉദ്വംസിക്കും. അത്ര മാത്രം.
കർപ്പൂരവും ചന്ദനവും പൂജക്കുപയോഗിക്കുന്ന മറ്റു ചില കൂട്ടുകളുടെ സുഗന്ധവും ആയി എല്ലാം കൂടി കലർന്ന നൈർമ്മല്യമുള്ള പരിമളമാണ് അച്ഛച്ഛൻ്റെ ഗന്ധമായി രേണുവിന് തോന്നിയത്. ചിലപ്പോൾ അച്ഛച്ഛൻ അടുത്തുണ്ടാവും. മരിച്ചവരെ കുറിച്ചോർക്കുമ്പോഴോ മരിച്ചവർ അടുത്ത് വരുമ്പോഴോ ഒക്കെ ഇതുപോലത്തെ സുഗന്ധമുണ്ടാവും. അല്ലെങ്കിൽ ദൈവസാന്നിധ്യമുണ്ടാവുമ്പോൾ. എൻ്റെ മണമാണോ അതോ മറ്റു വല്ലതും ആണോ എന്ന് ഉറപ്പിച്ച് പറയാൻ പറയാൻ പറ്റില്ല. അത്രക്ക് കനത്തിലാണ് പൂജ ചെയ്തത്. എന്തായാലും സുഗന്ധം നല്ലതാണ്. ദുർമൂർത്തികളുടെയോ ദുരാത്മാക്കളുടെയോ സാന്നിധ്യം വിളിച്ചറിയിക്കുന്ന രൂക്ഷഗന്ധമൊന്നും അല്ല.