ഫിഷ് മാർക്കറ്റിൽ കൂന്തളുണ്ടായിരുന്നു. തേങ്ങാ കൊത്തൊക്കെയിട്ട് ഉണ്ടാക്കിയ കൂന്തൾ റോസ്റ്റും ഒപ്പം ദോശയും കൂടെ ഉണ്ടെങ്കിൽ ഒരു രസമാണ്. രേണുവിന് കൂന്തൾ ഉണ്ടാക്കാൻ അറിയില്ല. മഷി പടരാതെ അത് നന്നാക്കാൻ എനിക്കുമറിയില്ല. ചൂരയും അയ്ക്കോറയും നന്നായി ചിലവാകുന്നുണ്ട്. കുറേയേറെ ആളുകൾ വാങ്ങുന്നുണ്ടായിരുന്നു. മാർക്കറ്റിൽ നല്ല തിരക്കാണ്. കച്ചവടക്കാർ ഉച്ചത്തിൽ മീനിൻ്റെ പേരുകൾ വിളിച്ചു പറഞ്ഞ് ആളുകളെ ആകർഷിക്കാൻ പണിപ്പെടുന്ന ബഹളമാണ് ചുറ്റും. രേണു വണ്ടിയിൽ തന്നെ ഇരുന്നു. ഞാൻ മാർക്കറ്റിലെ തിരക്കിലൂടെ ഞണ്ട് അന്വേഷിച്ച് നടന്നു. മാർക്കറ്റിലെ വരണ്ട കാറ്റിന് മറ്റൊരു ഗന്ധമാണ്. അസഹ്യത ഒന്നും ഇല്ല. കടൽ അടുത്തായത് കൊണ്ട് ഐസിട്ട് പഴകിയ മീനല്ല. ഫ്രഷ് മീനിന് മറ്റൊരു രുചിയാണ്. അത് കോഴിക്കോടെത്തിയപ്പോഴാണ് എനിക്ക് മനസ്സിലായത്. ബത്തേരിയിലെ അങ്ങാടികളിൽ ചുരം കയറി എത്തുന്ന മീനിന് ദിവസങ്ങളുടെ പഴക്കമുണ്ടാവും. അത് ശീലമായ നാവിന് പുതിയ രുചി പെട്ടെന്നു തന്നെ ഇഷ്ടമായി.
“അവിടെ എന്താ കാക്കാ ” ഒരു കഷണ്ടിത്തലയൻ മധ്യവയസ്കൻ മീൻ നോക്കുകയാണ്. ചൂര ചൂണ്ടി കാണിക്കുന്നു. ഒരാൾ അതെടുത്ത് ധൃതിയിൽ സ്റ്റീൽ പാത്രത്തിലിട്ട് തൂക്കി വെട്ടാൻ മാറ്റി വെക്കുന്നു. അടുത്ത ആളിലേക്ക് നീങ്ങുന്നു. മൂന്ന് പേർ തല പോലും ഉയർത്തി നോക്കാതെ മുന്നിലേക്കെത്തുന്ന മീൻ എടു പിടീന്ന് വെട്ടി വൃത്തിയാക്കി കവറിലാക്കി കൊടുക്കുകയാണ്. മറ്റൊരാൾ പൈസ വാങ്ങുന്നു. മാർക്കറ്റിൻ്റേതായ വേഗതയിൽ ആ ബഹളത്തിനിടക്കും എല്ലാം ഒരു താളത്തിൽ നടക്കുന്നു. ഞണ്ട് നോക്കി ഞാൻ പലടത്തും കയറി ഇറങ്ങി. എല്ലായിടത്തും പ്രധാനി അയ്ക്കൂറയാണ്. ചാകരയുടെ കാര്യം പറഞ്ഞ പോലെ അയ്ക്കൂറ കുറേ കിട്ടിയിട്ടുണ്ടാകും. അതാവും. നോക്കി നടന്ന് ഞണ്ട് കിട്ടി. കടൽ ഞണ്ടാണ്. നല്ല വലിപ്പമുണ്ട്. ഒരു ചരുവത്തിൽ വെള്ളം നിറച്ച് ഞണ്ടുമായി ഞാൻ വർക്കേരിയയിലെ അര തിണ്ടിലേക്കിരുന്നു. രേണുവിന് ഞണ്ട് വൃത്തിയാക്കാൻ അറിയില്ല. നന്നാക്കി കഴിഞ്ഞ് ഞാൻ വിശദമായൊന്ന് കുളിച്ചു.