“ഇനിയെന്താ കണ്ണാ “?
“സുലൈമാനിയും കല്ലുമ്മക്കായേം ഉണ്ടെങ്കില് ബീച്ചിൽ പോയിരുന്ന് കഴിക്കായിരുന്നു”
“കല്ലുമ്മക്കായയുടെ സീസണാണോ ഇത്” ?
“കല്ലുമ്മക്കായക്ക് സീസണുണ്ടോ” ?
“ആ…ആർക്കറിയാം. എന്നാ മാർക്കറ്റില് പോയി നോക്കാം. കല്ലുമ്മക്കായ ഇല്ലേലും പ്ലേറ്റിൻ്റെ വലുപ്പള്ള വലിയ ഞണ്ടുണ്ടാവും. പിന്നെ ബുക്ക്സ്റ്റാളിലും കയറണം. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ വാങ്ങാനാ”
കോഴിക്കോട് നഗരത്തിനുണ്ടാകുന്ന മാറ്റങ്ങളൊന്നും ബാധിക്കാത്ത മട്ടിൽ ചുറ്റും പുതിയ പുതിയ കെട്ടിടങ്ങൾ ഉയരുമ്പോഴും കൺമുന്നിൽ മറഞ്ഞു പോയ കാലഘട്ടങ്ങളുടെ സാക്ഷിയായി മണ്ണിലേക്ക് വടുക്കളൂന്നി തലമുറകളനേകം കടന്നു പോയിട്ടും നിത്യനായി നിൽക്കുന്ന പിതാമഹനേപ്പോലെ ആകാശത്തോളം പരന്നു നിൽക്കുന്ന ഒരു പേരാലിൻ്റെ സമീപത്തായുള്ള പഴയ ഒരു ലോഡ്ജ് പോലെയുള്ള ഇരുനില കെട്ടിടത്തിനു മുന്നിൽ ഞാൻ വണ്ടിയൊതുക്കി. കെട്ടിടത്തിൻ്റെ ചുവരുകളെയും പേരാലിൻ്റെ വേരുകൾ ആലിംഗനം ചെയ്ത് തുടങ്ങിയിരിക്കുന്നു. ഒരു ഗ്രന്ഥശാലക്ക് പറ്റിയ അന്തരീക്ഷം. കട്ടി കണ്ണട വെച്ച ഒരു വയസ്സനാണ് അതിൻ്റെ ഉടമസ്ഥൻ. രേണുവിന് പരിചയമുള്ള ആരോ ആണ്. മലയാള സാഹിത്യത്തിലെ എണ്ണം പറഞ്ഞ ചില കൃതികൾ കയറിച്ചെല്ലുന്നിടത്തെ മരം കൊണ്ടുള്ള റാക്കിൽ അടുക്കി വെച്ചിട്ടുണ്ട്. വിലാസിനിയുടെ അവകാശികൾ എല്ലാ വാല്യവും ഉണ്ട്. മുൻപ് വന്നപ്പോൾ ആദ്യത്തെ മൂന്ന് ഭാഗം ഉണ്ടായിരുന്നില്ല. ആരാണാവോ ഇതൊക്കെ ഒരു ഭാഗം മാത്രം വാങ്ങി കൊണ്ടുപോവുന്നത്. അവകാശികൾ വായിച്ചു തീർക്കാനുള്ള ക്ഷമയില്ലാത്തത് കൊണ്ട് ചെറുത് വല്ലതും ഉണ്ടോ എന്ന് ഞാൻ നോക്കി നടന്നു. പുസ്തകങ്ങളുടെ ലോകം. അകത്ത് അലമാരകളിലും റാക്കുകളിലുമായി വിശ്വസാഹിത്യകാരന്മാർ നിരന്നിരിക്കുന്നു. കടയുടെ അകത്ത് തങ്ങിനിൽക്കുന്ന വായുവിൽ അലിഞ്ഞു ചേർന്ന പുസ്തകങ്ങളുടെയും പഴയ കടലാസ്സു കെട്ടുകളുടെയും ഗൃഹാതുരത്വം ഉണർത്തുന്ന ഗന്ധം മറ്റേതോ കാലത്തിൽ എത്തിപ്പെട്ടത് പോലെ തോന്നിപ്പിച്ചു. ബഷീറിൻ്റെ സമ്പൂർണ്ണ കൃതികൾ നോക്കാൻ പോയ രേണു ധർമ്മരാജയും നിത്യ ചൈതന്യയതിയുടെ ഒരു പുസ്തകവുമായി ബില്ലിങ് കൗണ്ടറിലേക്ക് പോയി.