ഇവിടെ ഇപ്പോൾ വീഡിയോ ഗെയിംസ് കളിക്കാം. എഴുതാം. വരക്കാം. വായിക്കാം. ട്രക്കോ ബൈക്കോ എടുത്ത് വെറുതെ ചുറ്റി കറങ്ങാം. ഫ്രണ്ട്സിൻ്റെ കൂടെ കോഴിക്കോട് മുഴുവൻ തെണ്ടി തിരിയാം. ഒന്നും ചെയ്യാനില്ലെങ്കിൽ രേണുവിനെ ശല്യം ചെയ്യാം. അങ്ങനെ അങ്ങനെ. മറ്റൊന്നും സംഭവിക്കുന്നേയില്ല. നേരം വെളുക്കുന്നു. സന്ധ്യയാവുന്നു. അതങ്ങനെ ആവർത്തിക്കുന്നു. അതിനുള്ളിലുള്ളതെല്ലാം പതിവ് കലാ പരിപാടികൾ തന്നെ.
“കണ്ണാ… ഏത് ലോകത്താ? പിന്നേയും കാര്യമായ കണക്ക് കൂട്ടലുകളിലാണല്ലോ”
രേണു എഴുന്നേറ്റ് വന്ന് എൻ്റെ തോളിൽ പിടിച്ച് കുലുക്കി. കഴിച്ച് കഴിഞ്ഞ പ്ലേറ്റ് ഉണങ്ങി പിടിച്ചിരിക്കുന്നു.
“കണക്ക് കൂട്ടലൊന്നും അല്ല രേണൂ. മ്യുണ്ടെയ്ൻ ട്രിവിയാലിറ്റീസ് ഓഫ് എവരി ഡേ ലൈഫ്… ഞാനതോർത്തതാ”
“പാത്രത്തിലൊരിത്തിരി വെള്ളം ഒഴിച്ച് വെച്ചിട്ട് ആയിക്കൂടെ? പാത്രം ഉണങ്ങിയാൽ കുടലൊണങ്ങൂന്നാ”
“കുടലൊണങ്ങാതിരിക്കാനല്ലേ രേണു കൂടെയുള്ളത്”
ഒരു നേർത്ത പുഞ്ചിരി ആ മുഖത്ത് തെളിഞ്ഞു.
പ്രാതൽ കഴിഞ്ഞ് മറ്റൊന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഇൻകം ടാക്സ് കണക്ക് കൂട്ടാൻ ഞാൻ രേണുവിൻ്റെ ഒപ്പം കൂടി.
നേരം ഉച്ച തിരിഞ്ഞു. ഞാൻ ബാൽക്കണിയിലെ ചൂരൽ കസേരയിൽ കുനിഞ്ഞിരുന്ന് ഐ പാഡ് മടിയിൽ വെച്ച് ചിത്രം വരക്കുകയായിരുന്നു. ഐ പാഡിലേക്ക് വെള്ള തുള്ളികൾ ഇറ്റുവീണപ്പോൾ ഞാൻ തലയുയർത്തി നോക്കി. രേണു എൻ്റെ പിന്നിൽ വന്ന് നിൽക്കുന്നു. കുളി കഴിഞ്ഞതേ ഉള്ളൂ. ഈറൻ മുടി വിടർത്തിയിട്ടിരിക്കുന്നു. അതിൻ്റെ തുമ്പിൽ നിന്നും വെള്ള തുള്ളികൾ ഇറ്റു വീഴുന്നു. രേണു മുടി എടുത്ത് ഇടത് തോളിലൂടെ മുന്നിലേക്കിട്ട് അടുത്തുള്ള ചാരുകസേരയിലേക്കിരുന്നു.