രണ്ട് സന്ധ്യകളിൽ പ്രഭാതത്തിലെ ഈ സന്ധ്യ സൂര്യനുള്ളതാണ്. പുഴയിൽ നിന്നുള്ള കുളിർക്കാറ്റ് എൻ്റെ മനസ്സ് വായിച്ചെന്ന പോലെ അരികിലൂടെ എന്നെ തഴുകി കടന്നു പോയി. പൂർവ്വ ചക്രവാളത്തിൽ ഉദിച്ചുയർന്ന ബാലാർക്കൻ്റെ രശ്മികൾ ചാലിയാറിൻ്റെ വിശാലമായ ജല പരപ്പിൽ കാറ്റു വീശിയപ്പോഴുണ്ടായ ഓളങ്ങളിൽ തത്തി കളിച്ച് എൻ്റെ കണ്ണിലെത്തി. ഞാൻ കണ്ണുകൾ ഒന്ന് ചിമ്മി തുറന്നു. “നിഖിലേ… ഇവിടിരിക്കാണോ? ഞാനെവിടെയൊക്കെ നോക്കീന്നറിയോ? വാടാ… വീട്ടില് കേറീട്ട് പോവാം” ഞാൻ ചുറ്റും നോക്കി. കാറ്റടിച്ചപ്പോൾ തോന്നിയതാണ്. കാർത്തിക… എൻ്റെ ഒരു പഴയ കളി കൂട്ടുകാരിയാണ് എന്ന് പറഞ്ഞാൽ അത് പോരാതെ വരും. എട്ടാം ക്ലാസിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. പ്ലസ് ടു വരെ ഒരുമിച്ചായിരുന്നു. കട്ടിയിൽ വാലിട്ടു കണ്ണെഴുതിയ കറുത്ത കണ്ണുകളും നീണ്ട കോലൻ മുടിയും ഉള്ള ഒരു അഹങ്കാരി. പഠിപ്പിസ്റ്റായതു കൊണ്ടുള്ള അഹന്ത. സുന്ദരിയാണെന്നുള്ള ജാഡ വേറെ. പോരാത്തതിന് അച്ഛൻ അതേ സ്കൂളിലെ ഹെഡ്മാസ്റ്ററും. കോപ്പിലെ അവസ്ഥ തന്നെ. ഇവിടെ ഇങ്ങനെ ഇരിക്കുമ്പോൾ അവളെ കാണാൻ തോന്നുന്നു. ബി എസ് സി മാത് സ് കാരിയാണ് ഇപ്പോൾ. തേർഡ് യെർ ആയിട്ടുണ്ടാകും. സ്വഭാവത്തിന് വലിയ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല. എന്നാലും എൻ്റെ സ്വന്തം അഹങ്കാരിയാണ്.
നേരം പുലർന്നതോടെ മുന്നിലുള്ള ഗ്രൗണ്ടിൽ ആളനക്കമായി. രാവിലെ നടക്കാനിറങ്ങിയവരും ഫുട്ബോളുമായി കുറച്ച് കുട്ടികളും എത്തി. കുറച്ച് കൂടി കഴിഞ്ഞാൽ ഉടമസ്ഥർ അഴിച്ച് മേയാൻ വിടുന്ന പോത്തുകളും ഉണ്ടാവും. മധ്യവേനലവധിക്കാലത്ത് വീട്ടുകാർക്ക് ശല്യമാകുന്ന പോത്തുകളും വളർത്തി വലുതാക്കി നല്ല വിലക്ക് വിൽക്കുമ്പോൾ വീട്ടുകാർക്ക് ലാഭമുണ്ടാക്കി കൊടുക്കുന്ന പോത്തുകളും പകൽ സമയത്ത് ഒരുപോലെ മേയുന്ന സ്ഥലമാണിത്. വൈകുന്നേരങ്ങളിൽ ഇവിടെ നല്ല ആൾ തിരക്കുണ്ടാവും. താഴെ മുറിഞ്ഞമാട് കടവിൽ ബോട്ട് സവാരിയൊക്കെയുണ്ട്. പുഴ തീരത്ത് കാറ്റും കൊണ്ട് സായാഹ്നം ചിലവഴിക്കാൻ വരുന്നവരും ഉണ്ടാകും.