നീളമുള്ള ഒരു കൈതോലപ്പായയിൽ വെള്ള തുണി പുതച്ച് അച്ഛൻ കിടക്കുന്നു. കാലിൻ്റെ ഭാഗത്ത് ഒരു വാഴ ഇലക്കീറ് കൂടിയുണ്ട്. അച്ഛമ്മക്ക് ഓണത്തിന് വാങ്ങിയ പുതിയ മല്ലുമുണ്ടായിരുന്നു അത്. അതാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ഞാനും അച്ഛച്ഛനും പൂരാട ദിവസം വൈകുന്നേരം പോയി വാങ്ങിയതായിരുന്നു അത്. തൊട്ടടുത്ത് അതുപോലെയൊരു പുതപ്പിനുള്ളിൽ അമ്മയുമുണ്ട്. തലഭാഗത്ത് നിലവിളക്ക് കത്തുന്നു. കത്തിച്ച ചന്ദന തിരികൾ ചെറിയ ഒരു ചെപ്പു പാത്രത്തിൽ കുത്തി നിർത്തിയിരിക്കുന്നു. വീടും പറമ്പും നിറയെ ആളുകൾ. ഖദർ ധാരികളായ ചിലർ ചെറിയ കൂട്ടമായും ഒറ്റ തിരിഞ്ഞും നിൽക്കുന്നു. അകത്തും എനിക്കറിയാത്ത കുറേയേറെ ആളുകൾ. രാഷ്ട്രീയക്കാരും മറ്റു പലരും ആയിരുന്നു അത് എന്ന് എനിക്ക് ഇപ്പോൾ അറിയാം.
തറവാട്ടിലുള്ളവരെല്ലാം ഉണ്ടായിരുന്നു. അച്ഛമ്മ അകത്ത് കട്ടിലിൽ കിടക്കുന്നു. രേണു അടുത്തിരിക്കുന്നു. കണ്ട് പരിചയമില്ലാത്ത കുറച്ച് സ്ത്രീകളും ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ബന്ധുക്കളായിരുന്നു അത്. അച്ഛച്ഛൻ പൂമുഖത്തെ ചാരുകസേരയിൽ മച്ചിലേക്കും നോക്കി നീണ്ടു നിവർന്നു കിടക്കുന്നു. അടുത്ത് തന്നെ മൂത്ത് നരച്ച അച്ഛച്ഛനേക്കാൾ പ്രായമുള്ള ഒരു പടുവൃദ്ധനും ഒരു ചെറുപ്പക്കാരനും ഇരിക്കുന്നു. അമ്മയുടെ അച്ഛനും ഏട്ടനും ആണെന്ന് പിന്നീട് മനസ്സിലായി. വർഗീസ് ചേട്ടനും ചെറിയച്ഛച്ചനും ഓടി നടന്ന് ഒരു മരണവീട്ടിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ എല്ലാം അതിൻ്റെ രീതിക്ക് ചെയ്തു തീർത്തു.