അച്ഛനെയും അമ്മയെയും കുറിച്ചങ്ങനെ കാര്യമായിട്ടൊന്നും എൻ്റെ ഓർമയിലില്ല. അച്ഛൻ ഒരു ഐ ഫ് എസ് കാരനായിരുന്നു. ട്രെയിനിങ്ങിനിടക്കോ എങ്ങനെയോ ഒരു പഞ്ചാബിക്കാരി ഐ എ എസു കാരിയുമായി പ്രണയത്തിലായി. ഏതാനും വർഷങ്ങൾ പ്രണയിച്ചിട്ടാണവർ വിവാഹം കഴിച്ചത്. ഞാൻ ജനിച്ചപ്പോൾ അച്ഛന് മുപ്പത്തഞ്ച് കഴിഞ്ഞിരുന്നു. അമ്മ മഹാരാഷ്ട്ര കേഡറായിരുന്നു. ഞാൻ ജനിച്ചത് പൂനെയിലെ ഏതോ ഹോസ്പിറ്റലിലായിരുന്നു എന്നാണ് അച്ഛച്ഛൻ പറഞ്ഞത്. അമ്മക്കും അച്ഛനും തിരക്കായത് കൊണ്ട് ഞാൻ ഓർമ്മ വെക്കുന്ന കാലത്തിന് മുൻപ് തന്നെ അച്ഛച്ഛൻ്റെയും അച്ഛമ്മയുടെയും കൂടെ ബത്തേരിയിലെ തറവാട്ടിലായിരുന്നു. രേണു അന്ന് ഏഴിലോ എട്ടിലോ എങ്ങാനും ആയിരിക്കും. ഇടക്ക് എപ്പോഴെങ്കിലും അച്ഛനും അമ്മയും ഒന്നോ രണ്ടോ ആഴ്ച ലീവിന് വന്ന് നിന്നിട്ട് പോവുന്നത് വരെ എൻ്റെ കൂടെയുണ്ടാവും എന്നതിൽ കവിഞ്ഞ അടുപ്പമൊന്നും എനിക്കവരുമായിട്ടുണ്ടായിരുന്നില്ല. രേണുവായിരുന്നു എന്നെ എടുത്ത് നടന്നതും കുളിപ്പിച്ചതും ഒക്കെ. അച്ഛമ്മക്ക് ശരീരം കൊണ്ട് അധികം വയ്യായിരുന്നു. കുറച്ച് പ്രായമാവുന്നത് വരെ ഞാൻ രേണുവാണ് എൻ്റെ അമ്മ എന്നായിരുന്നു വിചാരിച്ചിരുന്നത്. അന്നൊക്കെ എനിക്ക് എല്ലാവരും ഉണ്ടായിരുന്നു. മുറ്റത്തെ കയർ കട്ടിലിൽ എന്നെയും മടിയിലിരുത്തി അച്ഛച്ഛൻ കവിതകൾ ചൊല്ലി തരുന്നത് ഓർമ്മ വരുന്നു. ഹൃദയം പലതായി നുറുങ്ങി പോവുന്ന അതേ വ്യഥയോടെ ഞാൻ തല കുടഞ്ഞു. മറക്കാൻ കഴിയുന്നില്ല. ഓർമ്മിക്കുന്നത് എനിക്ക് ഇഷ്ടവുമല്ല. എന്നാലും മനസ്സിൻ്റെ ഏതോ ഒരു കോണിൽ… അല്ലെങ്കിൽ എന്തിനാ കോണിലേക്കുണ്ടാക്കുന്നത്? നടുത്തളത്തിൽ തന്നെ മായാതെ കിടന്ന് അതെല്ലാം എന്നെ കുത്തിനോവിക്കുകയാണ്. കാലം എത്രയായാലും ഉണങ്ങാതെ ചെറുതായി ചോര പൊടിഞ്ഞു കൊണ്ടിരിക്കുന്ന ഹൃദയത്തിലെ ആ മുറിവ് കരിയാൻ എന്താണൊരു മാർഗ്ഗം? …മറ്റൊരു രംഗം ഓർമ്മയിൽ തെളിയുന്നു.