മരത്തിൻ്റെ ചുവട്ടിലെ ഗ്രാനൈറ്റ് ബെഞ്ചിൽ ഞാനിരുന്നു. പുഴയിലേക്ക് തള്ളി നിൽക്കുന്ന ഒഴിഞ്ഞ ഒരു ഫുട്ബോൾ മൈതാനത്തെ ചുറ്റി ചാലിയാർ “റ” പോലെ വളഞ്ഞ് വന്ന് തിരിഞ്ഞൊഴുകുന്ന മനോഹര കാഴ്ച. ജിമ്മിൽ കൂടെ വർക്ക് ഔട്ട് ചെയ്യുന്ന ഷിഹാബിക്കയുടെ വെരിക്കോസ് വെയിൻ വന്ന കാഫ് റൈസ് ചെയ്യുമ്പോൾ ഞരമ്പുകൾ എഴുന്നു വരുന്ന കണങ്കാലുകൾ ഞാൻ പെട്ടെന്ന് ഓർത്തു പോയി.
സൂര്യൻ ഉദിച്ചിരുന്നെങ്കിൽ തെളിച്ചത്തോടെ കാണാമായിരുന്നു സമതലത്തിലൂടെയുള്ള നദിയുടെ സഞ്ചാരം. അതി വിസ്തൃതയായി, ശാന്തമായി ഓളങ്ങളോ അലയൊലികളോ ഒന്നും ഇല്ലാതെ എല്ലാം ആഴങ്ങളിൽ ഒളിപ്പിച്ച് നിശബ്ദയായി ഒഴുകുന്ന ചാലിയാറിൻ്റെ ഭംഗി കുറ്റിക്കാട്ടൂരിലേക്ക് എത്തിയ അന്ന് മുതലേ എൻ്റെയൊരു ദൗർബല്യമായിരുന്നു. പെരുത്ത ദു:ഖം മനസ്സിനെ ശല്യപ്പെടുത്തുന്നതായി തോന്നുമ്പോഴൊക്കെ ഞാനിങ്ങനെ പുഴയുടെ തീരത്ത് വന്നിരിക്കും. മിക്കപ്പോഴും ജംഷിയും ഷംസാദും ഒപ്പമുണ്ടാവും. അല്ലെങ്കിൽ താമരശ്ശേരി ചുരത്തിൽ…. ബേപ്പൂരിൽ… കാപ്പാട് ബീച്ചിൽ… കോളായിയിൽ കുന്നിൻ്റെ മുകളിൽ… എന്തായാലും എവിടെ എങ്കിലും ഒക്കെ പോയിരിക്കും.
പാറയിടുക്കുകളിലൂടെ കലപില കൂട്ടി തുള്ളിച്ചാടി കുതിച്ചു പായുന്ന ബാലികയായ കല്ലോലിനിയല്ല നിലമ്പൂരിനിപ്പുറം ഇരുത്തം വന്ന ഒരു യുവതിയുടെ രൂപ സൗകുമാര്യത്തോടെ പ്രവഹിച്ചു തുടങ്ങുന്ന ഈ നദി. ഞാനിത് കാണുമ്പോഴെല്ലാം രേണുവിനെ ഓർക്കും. രേണുവിനെപ്പോലെ തന്നെയുണ്ട് ചാലിയാറും. ചാലിയാർ അതി സുന്ദരിയാണ്. രേണുവും സുന്ദരി തന്നെയാണ്. പർവ്വത പുത്രിയോ അതോ പർവ്വതത്തിൻ്റെ ഭാര്യയാണോ നദി? സഹ്യൻ്റെ ഈ പുത്രിയെ കുറിച്ചൊരു കവിത എഴുതാൻ തോന്നുന്നുണ്ട്. മറ്റു പലതിനെ കുറിച്ചും ചിന്തിച്ച് സങ്കടപ്പെട്ടിരിക്കുന്നതിനേക്കാൾ കവിത എഴുതാൻ പാകത്തിന് മനസ്സ് മാറിയത് നല്ലതായി എനിക്ക് തോന്നി.