അങ്ങനെ ഞാൻ പോയാൽ അത് അമ്മയ്ക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരിയ്ക്കില്ല.. അച്ഛൻ മരിച്ചപ്പോൾ പോലും അമ്മ ഇവരുടെ അടുത്തേക്ക് ഒന്ന് കാണാൻ പോയിട്ടില്ല. എന്നെയും കാണാൻ വിട്ടിട്ടില്ല. അതൊക്കെ അങ്ങനെ തന്നെ മതി..
‘നീ വാശി കാണിക്കാതെ.. ഞാൻ പറയുന്നത് പോലെ കേൾക്ക്.. നിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ്…’
ടീച്ചർ പിന്നെയും പറഞ്ഞു. ഞാൻ വഴങ്ങിയില്ല
‘ഞങ്ങളോട് ദേഷ്യം ഉണ്ടാവുമല്ലേ….’
ഒടുവിൽ ആ സ്ത്രീ സംസാരിച്ചു.. അവരുടെ സംസാരത്തിൽ വല്ലാത്ത ദൈന്യത ഉണ്ടായിരുന്നു.
‘ഇ.. ഇല്ല…’
എന്തോ ഞാൻ അങ്ങനെ പറഞ്ഞു. എതിർക്കാൻ പോലും കഴിയാത്ത അത്ര ദൈന്യമായ സംസാരം ആണ് ഇവരുടേത്.
‘എങ്കിൽ പിന്നെ ഞങ്ങളുടെ കൂടെ വന്നു നിന്നാൽ എന്താ..? എനിക്ക് സ്വന്തം മോനെ പോലെ തന്നെയാ.. നിനക്ക് ഒരു കുറവും അവിടെ ഉണ്ടാവില്ല…’
അവർ പറഞ്ഞു. ഇവരെന്തിനാണ് എന്നോട് ഇത്രയും സ്നേഹം കാണിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല. അച്ഛൻ ഇവരെയും നന്നായി ഒന്നും ആയിരിക്കില്ല നോക്കിയിട്ടുണ്ടാവുക. എന്നോട് പിന്നെ എന്തിനാണ് ഇത്ര അനുകമ്പ..?
‘ഞാൻ ഇവിടെ വിട്ടു പോവില്ല…’
അമ്മയെയും മുത്തശ്ശിയെയും അടക്കിയ മണ്ണാണ്. ഇവിടെ വിട്ടു ഞാൻ എങ്ങോട്ട് പോകാൻ..
‘നീ എങ്ങും വിട്ടു പോകണ്ട. പഠിത്തം കഴിഞ്ഞു നീ ഇങ്ങോട്ട് തന്നെ പോര്.. അത് വരെ അവിടെ നിന്ന് പഠിച്ചൂടെ..?
പ്രമീള ടീച്ചർ ചോദിച്ചു
‘എനിക്ക്. എനിക്ക് ഇവിടെ കുറെ പണി ഉണ്ട്.. ആട് ഉണ്ട്.. മീൻ കൊടുക്കാൻ ഉണ്ട്…’