അപ്പുണ്ണി കാണാൻ എന്നെ പോലെ ഒന്നുമല്ല. ഒരു ആജാനുബാഹു ആണ്. പക്ഷെ ആ ഭീകരൻ ശരീരത്തിന്റെ വളർച്ച ഒന്നും ബുദ്ധിക്ക് ഇല്ല.. കൂട്ടുകാരനെ കുറച്ചു പറഞ്ഞതല്ല, ശരിക്കും അവനൊരു ചെറിയ മന്ദിപ്പ് ഉണ്ട്. സംസാരത്തിൽ ഒരു കൊഞ്ഞയും. പക്ഷെ എനിക്ക് അവൻ ജീവൻ ആയിരുന്നു…
‘ഞന്ദുവേ… പുളിങ്ങോമ്പ് അമ്പലത്തിൽ ഗർണ്ണൻ വരുഞ്ഞുന്ദ്..’
കൊഞ്ഞ നിറഞ്ഞ ഭാഷയിൽ അവൻ എന്നോട് സംസാരിക്കും. അവൻ വലിയ ആനക്കമ്പം ഉള്ളവനാണ്.. ആനപ്പാപ്പൻ ആകണം എന്നൊക്കെ ചിലപ്പോ അവനെന്നോട് പറയും. ചിലപ്പോൾ ആരോടും പറയാതെ ഏതേലും ആനയുടെ പുറകെ അങ്ങ് പോകും. പിന്നെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞാവും തിരിച്ചു വരുന്നത്…
ഇങ്ങനെ ഒക്കെ ആയിരുന്നു എന്റെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ട് ഇരുന്നത്.. പതിവ് പോലെ ഉച്ച കഴിഞ്ഞു ആടിന് പുല്ല് ചെത്താൻ വേണ്ടി വീട്ടിലേക്ക് വരുമ്പോൾ ആണ് വീടിന് മുന്നിൽ ആരോ നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്.. അവരുടെ അടുത്ത് ശോഭാമ്മയും നിൽപ്പുണ്ടായിരുന്നു.. അടുത്ത് എത്തിയപ്പോൾ ഒരാളെ ഞാൻ തിരിച്ചറിഞ്ഞു.. പ്രമീള ടീച്ചർ… ടീച്ചർ എന്താണ് ഇവിടെ….? ടീച്ചറിന്റെ കൂടേ ഉള്ള ആളെ ആദ്യം എനിക്ക് മനസിലായില്ല.. വീട്ടിൽ കയറി അവർ ഇരുന്നു കഴിഞ്ഞു ശോഭാമ്മ തന്നേ ആണ് ആ സ്ത്രീയെ എനിക്ക് പരിചയപ്പെടുത്തി തന്നത്
അവരുടെ പേര് സുലോചന എന്നായിരുന്നു. അവർ എന്റെ അച്ഛന്റെ രണ്ടാം ഭാര്യ ആണ്. ഇവരെ കുറിച്ച് പറഞ്ഞു കേട്ടിട്ടേ ഉള്ളെങ്കിലും ആദ്യമായ് ആണ് ഞാൻ കാണുന്നത്.. എനിക്ക് ഒരു വയസ്സ് ആകുന്നതിനു മുന്നേ തന്നേ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോയിരുന്നു. അയാൾക്ക് ആരോടും സ്നേഹം ഒന്നുമില്ലായിരുന്നു. ആർക്കും ചിലവിന് കൊടുക്കാനും കഴിയില്ലായിരുന്നു.. ഞങ്ങളെ ഉപേക്ഷിച്ചു പോയി കഴിഞ്ഞാണ് ഈ സ്ത്രീയെ വിവാഹം ചെയ്യുന്നത്.. അവർക്ക് വേണ്ടി ഞങ്ങളെ ഉപേക്ഷിച്ചതല്ല, എന്നാലും ഞങ്ങളെ വേണ്ടാതെ അലഞ്ഞു നടന്നു പോയി കൂടിയ സംബന്ധമാണ്.. എനിക്ക് അവരോട് എങ്ങനെ പ്രതികരിക്കണം എന്ന് അറിയില്ലായിരുന്നു