ഷാപ്പിലും, പതിവ്കാർക്കും മീൻ കൊടുത്തു കഴിഞ്ഞു മിച്ചം വന്നത് ഞാൻ കൊടുക്കുന്നത് ശോഭാമ്മയ്ക്ക് ആണ്. എന്റെ തൊട്ട് അയൽവക്കമാണ്.. അമ്മയുടെയോ അച്ഛന്റെയോ ബന്ധുക്കളെ കൊണ്ട് ഇന്നേ വരെ എനിക്ക് യാതൊരു ഉപകാരവും ഉണ്ടായിട്ടില്ല. ആകെ ഉപകാരം ഉള്ളത് അടുത്ത് കിടക്കുന്ന ഇവരെ കൊണ്ടാണ്.. ശോഭാമ്മയും അവരുടെ ഭർത്താവ് ജയൻ ചേട്ടനും. അമ്മയ്ക്ക് വയ്യാതെ ആയപ്പോളും അമ്മയും അമ്മൂമ്മയും എന്നെ വിട്ടു പോയപ്പോളും എല്ലാം ഒരു താങ്ങായി നിന്നത് ഇവരാണ്.. അവിടെ എന്ത് കറി വച്ചാലും അതിൽ പിന്നെ ഒരു പങ്ക് എനിക്കും ഉള്ളതാണ്.. അതേ പോലെ ഞാൻ കൊണ്ട് വരുന്ന മീനിന്റെ ഒരു പങ്ക് അവർക്കും.. ഇവരോട് മാത്രം ഞാൻ കാശ് വാങ്ങാറില്ല….
‘ശോഭാമ്മ എന്ത്യേ…?
വാതുൽക്കലേക്ക് കയറി ഞാൻ ആര്യ ചേച്ചിയോട് ചോദിച്ചു. ആര്യ ചേച്ചി ഇവരുടെ ഒരേയൊരു മകളാണ്
‘അമ്മ അടുക്കളയിൽ ആണ്.. എന്നാ മീനാടാ…?
എന്റെ കയ്യിലെ ബക്കറ്റ് വാങ്ങിക്കൊണ്ട് ആര്യ ചേച്ചി ചോദിച്ചു
‘പള്ളത്തി ആണ്..’
ഞാൻ പറഞ്ഞു.
മീൻ അവിടെ കൊടുത്തിട്ട് ഞാൻ നേരെ വീട്ടിലേക്ക് പോയി.. വീട്ടിൽ ഞാൻ തനിച്ചായിട്ട് നാല് മാസം ആയി. ആകെ ഉണ്ടായിരുന്ന മുത്തശ്ശി കൂടേ പോയതോടെ ഞാൻ ശരിക്കും അനാഥൻ ആയി. ആ ചിന്തകൾ കൂടുതൽ മനസിനെ വേദനിപ്പിക്കാതെ ഇരിക്കാൻ ഞാൻ വയലിലും തോട്ടിലുമെല്ലാം മീനുകൾക്ക് പിന്നാലെ പോയി.. പിന്നെ എനിക്കുള്ള ഒരു ആശ്വാസം എന്ന് പറയുന്നത് അപ്പുണ്ണി ആയിരുന്നു. അവൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണ്. ദേവുവിനെ പോലെ തന്നെ ചെറുപ്പം തൊട്ട് എന്റെ കൂടേ പഠിച്ചവൻ. ഞാൻ പത്തിൽ പടുത്തം നിർത്തിയപ്പോൾ എട്ടിൽ വച്ചു ആ കൊല്ലം അവൻ പഠിത്തം നിർത്തി.. രണ്ട് കൊല്ലം തോറ്റു പഠിച്ചത് കൊണ്ടാണ് അവൻ എട്ടിൽ തന്നെ ഇരുന്നത്..