അത് കഴിഞ്ഞു ഗോപു ചേച്ചിക്ക് ഞാൻ അധികം മുഖം കൊടുക്കാതെ ആയി. നാണക്കേട് തന്നെ കാരണം. ഗോപുവിന്റെ വീട്ടിൽ ഒഴിച്ച് അവിടുത്തെ മിക്ക വീട്ടിലും ഞാൻ വെറുതെ പോയി ഇരിക്കും. അവരൊക്കെ കുറച്ചു ദിവസം മുന്നേ വന്ന പരിചയം ഒന്നുമല്ല എന്നോട് കാണിച്ചത്. പണ്ട് തൊട്ടേ അവിടെ ഉള്ള ആളെ പോലെ എന്നോട് പെരുമാറി. റംല ഇത്തയുടെ വീട്ടിൽ ചെന്നാൽ മുഴുവൻ നേരവും ഞാനും ആയിഷ കുട്ടിയും എന്തേലും പറഞ്ഞോണ്ട് ഇരിക്കും. ആയിഷ കുട്ടിക്ക് കുറെ സംശയങ്ങൾ ഉണ്ട്.. അതൊക്കെ എന്നോട് ആണ് ചോദിക്കുന്നത്. പിന്നെ എന്റെ നാടിനെ കുറിച്ച് ഒക്കെ എപ്പോളും ഓരോ കാര്യങ്ങൾ ചോദിക്കും. അവിടെ വന്നിട്ട് എന്റെ അച്ഛനെയും അമ്മയെയും പറ്റി ചോദിച്ച ഏക ആൾ ആയിഷ കുട്ടി ആണ്. അവൾക്ക് അതിനുള്ള ബുദ്ധി അല്ലേ ആയിട്ടുള്ളു. ഒരു തവണ റംല ഇത്ത അത് കേട്ട് കുഞ്ഞിനെ വഴക്ക് പറഞ്ഞു. അത് കഴിഞ്ഞു അവൾ സ്വകാര്യമായേ എന്നോട് അതൊക്കെ ചോദിക്കാറുള്ളു..
അവിടെ ടെലിഫോൺ ഉള്ള ഏക വീട് റംല ഇത്തയുടെ ആണ്. ആ ആറു വീട്ടിൽ ഉള്ള എല്ലാവർക്കും കോൾ വരുന്നത് ഇവിടേക്കാണ്. ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിന് ഇടയിൽ ആണ് പെട്ടന്ന് ആ ഫോൺ ശബ്ദിച്ചത്.. ജസ്‌നിത്ത ആയിരുന്നു ഫോൺ എടുത്തത്..
‘ആ ശിവ…. നീ ആയിരുന്നോ….?
ഫോൺ എടുത്തു ആവേശത്തോടെ ജസ്‌നിത്ത സംസാരിക്കാൻ തുടങ്ങി. ശിവദ ചേച്ചിയാണ് വിളിച്ചത്. ചേച്ചിയും ജസ്‌നിത്തയും നല്ല കൂട്ടാണ്..
‘നീ എപ്പോളാ വരണേ…?
ഇത്ത ചോദിച്ചു
‘ഞാൻ രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു..’