പിടിക്കുന്ന മീനിനെ ശശിച്ചേട്ടന്റെ ഷാപ്പിൽ കൊണ്ട് കൊടുക്കും. അവിടുന്ന് ആഴ്ചയിൽ അതിന് പൈസ കിട്ടും.. അതല്ലാതെ തന്നെ വീടുകളിലും എനിക്ക് കച്ചവടം ഉണ്ട്. സ്‌ഥിരം വാങ്ങുന്നവർ കുറച്ചു പേരുണ്ട്.. കൂട് വച്ചും തെറ്റാലി എറ്റിയും മഴക്കാലത്തു വല വീശിയുമൊക്കെ ഞാൻ നല്ലത് പോലെ മീൻ പിടിക്കുമായിരുന്നു. നാട്ടിലെ പ്രധാന മീൻപിടുത്തക്കാരിൽ ഒരാളായി ഞാൻ ഇതിനോടകം മാറിയിരുന്നു..
മീനുമായി ഷാപ്പിലേക്ക് പോണ വഴിയിലാണ് ദേവുവിന്റെ വീട്. അതിന് മുന്നിലൂടെ പോകുമ്പോൾ അവളുടെ അമ്മ അംബികാമ്മ വീടിന് മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു…
‘അംബികാമ്മോ… ദേവു എന്തിയെ..?
ഞാൻ വീടിന് മുന്നിൽ നിന്ന് വിളിച്ചു ചോദിച്ചു
‘അവൾ ഡാൻസ് ക്ലാസിനു പോയിട്ട് വന്നില്ല.. നീ എവിടെ പോകുവാ..?
അംബികാമ്മ ചോദിച്ചു
‘ഞാൻ ഷാപ്പ് വരെ.. മീനുണ്ട് കൊടുക്കാൻ..’
ഞാൻ ബക്കറ്റ് പൊക്കി പറഞ്ഞു
മീൻ ഉള്ളത് കൊണ്ട് ഞാൻ അവിടെ കേറാതെ പോയി. മീൻ കയറ്റാത്ത നമ്പൂതിരി ഇല്ലമാണ് അത്.. അവിടുത്തെ വിഷ്ണുദേവൻ നമ്പൂതിരി ആണ് ഞങ്ങളുടെ അമ്പലത്തിലെ ശാന്തി. അങ്ങേരുടെ മകളാണ് ദേവു. ദേവപ്രിയ…! ഞങ്ങൾ ഒന്നാം ക്ലാസ്സ് മുതൽ ഒരുമിച്ച് പഠിച്ചു വന്നവരാണ്. അന്ന് മുതലേ നല്ല കൂട്ടുമാണ്. പത്തിൽ വച്ചു ഞാൻ പഠിപ്പ് നിർത്തിയത് കൊണ്ടാണ്, അല്ലെങ്കിൽ ഇപ്പോളും ഞാൻ അവളുടെ ക്ലാസിൽ തന്നെ ആയേനെ.. അതിന് ശേഷം ഞങ്ങൾ തമ്മിൽ കാണുന്നത് ഒക്കെ കുറഞ്ഞു. ഞാനിങ്ങനെ മീനിന്റെ പുറകെ ഒക്കെയായ്, അവൾ സ്‌കൂളും പഠിപ്പും ഒക്കെയായി.. എന്നാലും ഇപ്പോളും എവിടെ വച്ചെങ്കിലും കാണുമ്പോൾ അവൾ പഴയത് പോലെ തന്നെ വന്നു മിണ്ടും.. ചിരിക്കും…