ഇവിടെ മണ്ണിര കിട്ടാൻ കുറച്ചു പ്രയാസം ആണ്. അത് കൊണ്ട് നല്ല പച്ച വെട്ടിലിനെ പുല്ലുകൾക്ക് ഇടയിൽ നിന്നും പിടിച്ചു ഞാൻ ചൂണ്ടയിൽ കോർത്തു..നല്ല വെള്ളവും ഒഴുക്കും ഉള്ളത് കൊണ്ട് ചൂണ്ടക്ക് നല്ല കൊത്തുണ്ടായിരുന്നു. ഒരല്പം കാത്തു നിന്നെങ്കിലും പതിയെ മീനുകൾ എന്റെ ചൂണ്ടയിൽ കൊത്തി തുടങ്ങി.. ഒന്ന്, രണ്ട്, മൂന്ന്, നാല്… പിടിച്ചു കരയ്ക്കിടുന്ന ഓരോ മീനിനെയും ഞാൻ എണ്ണി. നല്ല കൊത്തു കിട്ടുന്ന സ്‌ഥലം നോക്കി നീങ്ങി നീങ്ങി ഞാൻ അറ്റത്തെ സുരേഷ് ചേട്ടന്റെ വീടിന് അടുത്തെത്തിയിരുന്നു.. എന്റെ മീൻ പിടുത്തം കണ്ടാവണം അവിടുത്തെ പയ്യൻ ഞാൻ മീൻ പിടിക്കുന്നത് കാണാൻ എന്റെ അടുത്ത് വന്നു നിന്നു..
ഗോകുൽ എന്നാണ് അവന്റെ പേര്. ഇടയ്ക്ക് ചൂണ്ട ഞാൻ അവന്റെ കയ്യിൽ കൊടുത്തു അവനെ കൊണ്ട് ചൂണ്ട ഇടീപ്പിച്ചു. പക്ഷെ അവൻ ഇട്ടപ്പോൾ അങ്ങനെ മീൻ കൊത്തുന്നില്ല.. അങ്ങനെ കുറച്ചു നേരത്തെ ശ്രമത്തിന് ഒടുവിൽ അത്യാവശ്യം നല്ലൊരു മത്സ്യസമ്പത്ത് എന്റെ കയ്യിലെ പ്ലാസ്റ്റിക് കവറിൽ നിറഞ്ഞു.. അതും തൂക്കി നടക്കുമ്പോ ആണ് സുരേഷ് ചേട്ടന്റെ ഭാര്യ സന്ധ്യ പേരമ്മ എന്റെ മുന്നിലേക്ക് വരുന്നത്
‘ഇത് കുറെ ഉണ്ടല്ലോ…? നിനക്ക് മീൻ കറി ഒക്കെ വയ്ക്കാൻ അറിയുമോ…?
അവരെന്നോട് ചോദിച്ചു
‘അറിയാം.. വീട്ടിൽ എന്നും മീൻ ആയിരുന്നു..’
ഞാൻ പറഞ്ഞു
‘ഏതൊക്കെ മീൻ ഉണ്ട്..’
അവർ എന്റെ കയ്യിൽ നിന്ന് കവർ വാങ്ങി അതിനുള്ളിലേക്ക് നോക്കി.. അവരുടെ നോട്ടവും ഭാവവും കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി.. മീൻ കണ്ടിട്ടുള്ള മെണപ്പ് ആണ്.. ഞാൻ കവറിൽ നിന്ന് അഞ്ചാറെണ്ണത്തെ അവരുടെ മുറ്റത്തേക്ക് കുടഞ്ഞിട്ടു.. അത് പോരാഞ്ഞിട്ട് അവർ തന്നെ രണ്ട് മൂന്ന് മുഴുത്തത് കയ്യിട്ട് എടുത്തു പുറത്തിട്ടു