മാങ്ങ വേദുവിന് കൊടുത്തു കഴിഞ്ഞു ഞാൻ തിരിച്ചു നടന്നു.. ഞാൻ എറിഞ്ഞിട്ടതാണ് എന്ന് പറഞ്ഞപ്പോ അവൾക്ക് വലിയ അത്ഭുതം ആയിരുന്നു. വേദു എന്നോട് നല്ല അടുപ്പം കാണിച്ചെങ്കിലും മറ്റവൾ അത്രക്ക് എന്നെ മൈൻഡ് ആക്കിയില്ല..
വീട്ടിൽ വന്നു ഞാൻ ഈ കാര്യം സ്നേഹേച്ചിയോട് പറഞ്ഞു..
‘അവരെ പെട്ടന്ന് കണ്ടാൽ തിരിച്ചറിയാൻ പാടാ.. ഞങ്ങൾക്ക് ഒക്കെ ഇടക്ക് മാറിപ്പോകും..’
‘എന്നാലും ഇതെങ്ങനെ ഒരു മാറ്റവും ഇല്ലാതെ…?
ഞാൻ അത്ഭുതം കൂറി ചോദിച്ചു പോയി
‘അതൊക്കെ അങ്ങനാ. പക്ഷെ കാണാൻ ഒരേപോലെ ഉണ്ടെന്നേ ഉള്ളു. രണ്ടും രണ്ട് സ്വഭാവം ആണ്..’
സ്നേഹേച്ചി പറഞ്ഞു
അത് ശരിയാണ് എന്ന് എനിക്കും തോന്നി. വേദു എന്നോട് നല്ല അടുപ്പം കാണിച്ചു മിണ്ടിയെങ്കിലും മീതു എന്നോട് എന്തോ നീരസം ഉള്ളത് പോലെ ആണ് പെരുമാറിയത്..
അന്ന് ഉച്ചക്കും മീൻകറി ഇല്ലാത്ത ചോർ ഉണ്ടപ്പോൾ എനിക്ക് എന്തോ മടുപ്പ് തോന്നി. ഇവരോട് എങ്ങനാ മീൻ കറി വേണം എന്ന് ആവശ്യപ്പെടുക.. അത് മോശമല്ലേ.. മീൻ പിടിച്ചു കൊടുത്താൽ ആ പറച്ചിൽ അങ്ങ് ഒഴിവാക്കാം.. ഞാൻ ചിന്തിച്ചു.. ഉച്ച തിരിഞ്ഞു ഞാൻ ആരോടും പറയാതെ പിച്ചിക്കാവിന് പുറത്തേക്ക് പോയി. തണൽ വീണ ചെമ്മൺ പാതയിലൂടെ നടന്നു റോഡിനു അടുത്തുള്ള ഗ്രൗണ്ടിന് അടുത്തെത്തി.. വലത്തോട്ട് പോയാൽ അന്ന് ബസ് ഇറങ്ങിയ കവലയിലേക്ക് പോകാം. പക്ഷെ ഞാൻ ഇടത്തേക്ക് തിരിഞ്ഞു..
കുറച്ചു നടന്നപ്പോൾ ടാർ ഇട്ടത് അവസാനിച്ചത് കണ്ടു. ഇവിടുന്ന് അങ്ങോട്ട് ടാർ ചെയ്യാത്ത പൊടി മണ്ണുള്ള വഴിയാണ്. കുറച്ചു നടന്നപ്പോൾ തന്നെ എന്റെ ഊഹം പോലെ ഒരു ചെറിയ മാടക്കട കണ്ടു. ഭാഗ്യത്തിന് അവിടെ ചൂണ്ടയും നൂലും ഉണ്ടായിരുന്നു. ചെറിയ ചൂണ്ട ആണേലും അത് തത്കാലം മതിയാകും എന്ന് ഞാൻ കണക്ക് കൂട്ടി… തിരിച്ചു പോകുന്ന വഴി ഗ്രൗണ്ടിന് പിന്നിൽ വളർന്നു നിൽക്കുന്ന മുളങ്കൂട്ടത്തിൽ നിന്ന് കഷ്ടപ്പെട്ട് നല്ലൊരു മുളങ്കമ്പ് ഞാൻ ഓടിച്ചെടുത്തു.. ഇപ്പൊ ചൂണ്ട റെഡി…