‘അത് വേദു ആയിരിക്കും. അവളാണ് മാങ്ങ പെറുക്കാൻ അങ്ങോട്ട് പോകാറുള്ളെ…’
മായച്ചിറ്റ പറഞ്ഞു.
അതേ വേദു തന്നെ ആണ് എന്റെ അടുത്ത് വന്നു സംസാരിച്ചത്. അവൾ തന്നെ അല്ലേ ഈ നിൽക്കുന്നെ..? എനിക്ക് ഒന്നും മനസിലായില്ല. ചിറ്റ അകത്തേക്ക് നോക്കി അവളെ ഉറക്കെ വിളിച്ചു. എന്റെ കണ്ണുകളെ അത്ഭുതപ്പെടുത്തി കൊണ്ട് വേദിക അകത്തു നിന്നും മുറ്റത്തേക്ക് ഇറങ്ങി വന്നു..
അപ്പോൾ എന്റെ അടുത്ത് നിൽക്കുന്നത് അവൾ അല്ലായിരുന്നോ…? ഞാൻ രണ്ട് പേരെയും മാറി മാറി നോക്കി. രണ്ടും ഒരുപോലെ തന്നെ.. ഒരു വ്യത്യാസവുമില്ല.. ഞാൻ അമ്പരന്ന് കണ്ണ് മിഴിച്ചു നിന്നു.. രണ്ട് പേരും ഇരട്ടകൾ ആണെന്ന് പറഞ്ഞപ്പോ ഇത്രയും വലിയ സാമ്യം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരേ നിറം, ഒരേ ഉയരം, ഒരേ വണ്ണം, മുഖവും മുടിയുടെ നീളം പോലും ഒരുപോലെ.. വേദികയുടെ ഇരട്ട സഹോദരി മേദിനി ആണ് ഞാൻ ഇപ്പോ കിണറ്റു കരയിൽ വച്ചു കണ്ട പെൺകുട്ടി.. എന്നോട് പരിചയപ്പെടാൻ വന്നത് വേദു ആണെങ്കിൽ ഇവിടെ ജാഡ കാണിച്ചു നിന്നത് മീതു….!
ആദ്യമായ് ഇരട്ടകളെ കണ്ട അത്ഭുതം പെട്ടന്ന് ഒന്നും എന്നെ വിട്ടു പോയില്ല. ഞാൻ ഇതിന് മുമ്പും ഇരട്ടകളെ കണ്ടിട്ടുണ്ട്. അവർക്ക് ആർക്കും ഇങ്ങനെ സാദൃശ്യം ഇല്ലായിരുന്നു. ചിലരെ ഒന്നും കണ്ടാൽ ഒരു സാമ്യവും ഇല്ലായിരുന്നു. എന്റെ ക്ലാസ്സിൽ തന്നെ രണ്ട് കുട്ടികൾ പഠിച്ചിരുന്നു. അമലയും അമൃതയും.. അവളുമാരെ രണ്ടിനെയും കാണാൻ രണ്ട് ലുക്ക് ആയിരുന്നു.. പക്ഷെ ഇവിടെ വേദുവും മീതുവും തിരിച്ചറിയാൻ കഴിയാത്ത വിധം സാദൃശ്യം ഉള്ളവർ ആയിരുന്നു.. ഞാൻ ഇങ്ങനെ ഒക്കെ സിനിമയിൽ മാത്രമേ കണ്ടിട്ടുള്ളു…