‘ഞാൻ വേദു…’
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. മായചിറ്റയുടെ മോളാണ്.. വേദിക കൃഷ്ണ.. വേദു എന്ന് വിളിക്കും..
‘ഞാൻ നന്ദു…’
ഞാനും പരിചയപ്പെടുത്തി
‘അമ്മ പറഞ്ഞിരുന്നു…’
അവൾ പറഞ്ഞു..
‘ഞാനും മാങ്ങ നോക്കി വന്നതാ.. ഒന്നും വീണു കിടപ്പില്ല അല്ലേ…?
അവൾ ചുറ്റും പരതി നോക്കി
‘ഇല്ല.. വേണേൽ എറിഞ്ഞിടാം…’
ഞാൻ താഴെ ചവറുകൾക്ക് ഇടയിൽ നിന്നും കല്ല് തപ്പി.
‘വീഴില്ല. നല്ല പൊക്കമാണ്.. ഞാൻ കുറെ നോക്കിയതാ..’
വേദു എന്നോട് പറഞ്ഞു
നല്ല പൊക്കമുണ്ട് മാവിന്.. മാങ്ങ കിടക്കുന്നതും വളരെ ഉയരത്തിൽ ആണ്. പക്ഷെ എറിഞ്ഞു വീഴ്ത്താമെന്ന് എനിക്ക് ഒരു ഉറപ്പ് ഉണ്ടായിരുന്നു. കയ്യിലിരുന്ന ഉരുളൻ കല്ല് ഒരു വലിയ കുലയെ ലക്ഷ്യമാക്കി ഞാൻ എറിഞ്ഞു… കല്ല് മൂളി പകുതി ഉയരത്തിൽ എത്തിയിട്ട് കാറ്റ് പോയ പോലെ താഴേക്ക് വന്നു..
ഞാൻ കുറച്ചു കൂടി ശക്തിയിൽ മറ്റൊരു കല്ല് മേലേക്ക് വലിച്ചെറിഞ്ഞു.. ശക്തി കൂടിയപ്പോൾ ഉന്നം പിഴച്ചു. അത് വേറെ എവിടേക്കോ പാളി പോയി.. പിന്നെയും ഞാൻ എറിഞ്ഞു. ചിലതൊക്കെ അടുത്തൂടെ പോയി എന്നല്ലാതെ മാങ്ങ ഇരിക്കുന്ന കുലയിൽ ഒന്ന് തൊട്ടത് പോലുമില്ല.. വേദു എന്നെ നോക്കി ആക്കി ചിരിച്ചു
‘ഞാൻ പറഞ്ഞതല്ലേ വീഴില്ല എന്ന്.. നല്ല കാറ്റ് വരുമ്പോൾ വീഴും.. അപ്പോൾ വാ…’
അവൾ മാങ്ങ മോഹം ഉപേക്ഷിച്ചു തിരിച്ചു നടന്നു…
എന്റെ കയ്യിലെ കല്ലിന്റെ ശേഖരവും തീർന്നിരുന്നു. ഞാൻ കുനിഞ്ഞു നിന്ന് കല്ലുകൾ പിന്നെയും പെറുക്കാൻ തുടങ്ങി. നാണക്കേട് ആയല്ലോ.. അത് മാറ്റണം.. അടുത്ത നാലാമത്തെയോ അഞ്ചാമത്തെയോ ഏറിൽ ലക്ഷ്യം കണ്ടു. മാങ്ങ കുലയിൽ നിന്നും മൂന്നാല് മാങ്ങ താഴേക്ക് പതിച്ചു