‘ഇനി മുതൽ മോളിൽ കിടന്നാൽ മതി..’
സ്നേഹ ചേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു. ഒരു അധികാരത്തോടെ ആണ് ആ പറഞ്ഞത്.
ഞാൻ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന് എനിക്ക് തോന്നി തുടങ്ങി. ഇവിടെ വന്നു താമസിക്കുമ്പോ എനിക്ക് മാത്രം ആയിരിക്കും ബുദ്ധിമുട്ട് എന്നാണ് ഞാൻ കരുതിയത്. എന്നാൽ ഇപ്പൊ ഞാൻ കാരണം ഇവരും ബുദ്ധിമുട്ടുന്നുണ്ട്.. ഞാൻ കട്ടിലിൽ മടിയോടെ കിടന്നു…
രാവിലെ ആരോ മുറ്റത്ത് തൂത്തു വാരുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. ജനൽ അടഞ്ഞു കിടന്നത് കൊണ്ട് അതാരാണെന്ന് അറിയില്ല. നോക്കാനും ഞാൻ മിനക്കെട്ടില്ല. ഉണർന്നെങ്കിലും മടിയോടെ ഞാൻ കണ്ണടച്ചു കിടന്നു.. അമ്മ രണ്ട് തവണ വന്നു സ്നേഹ ചേച്ചിയെ എണീക്കാൻ വിളിച്ചിട്ട് പോയി.. ചേച്ചി മുട്ടൻ ഉറക്കത്തിൽ ആയത് കൊണ്ട് മൂന്നാം തവണ അമ്മ വന്നു കയ്യിൽ തല്ലിയപ്പോൾ ആണ് ഉണർന്നത്…
‘ഒന്ന് എണീറ്റേടി… എത്ര തവണ വിളിക്കണം.. പോയി പാൽ വാങ്ങിച്ചോണ്ട് വാ..’
അമ്മ ശബ്ദം താഴ്ത്തി ചേച്ചിയെ ശകാരിച്ചു.. ശബ്ദം ഉയർന്നാൽ ഞാൻ ഉറക്കം ഉണരും എന്നോർത്തിട്ട് ആവണം.. ചേച്ചി ഒരു കോട്ടുവാ ഇട്ടു പാൽ വാങ്ങാനായി പുറത്തേക്ക് പോയി. ഇവിടെ എല്ലാവരും പാൽ വാങ്ങുന്നത് മായച്ചിറ്റയുടെ അടുത്ത് നിന്നാണ്. അവിടെ നാലഞ്ചു പശുക്കൾ ഉണ്ട്..
പിന്നെയും കുറച്ചു നേരം കൂടി കഴിഞ്ഞിട്ടാണ് ഞാൻ എണീറ്റത്.. എണീറ്റപ്പോൾ തന്നെ അമ്മ കട്ടൻ കാപ്പി കൊണ്ട് തന്നു.. അത് കുടിച്ചു കഴിഞ്ഞു എനിക്ക് പല്ല് തേക്കാനുള്ള പുതിയ ബ്രഷും തന്നു.. അടുത്തുള്ള പറമ്പിലൂടെ കാഴ്ചകൾ കണ്ടു ഞാൻ പല്ല് തേച്ചു.. വീടിന് പിന്നിലൂടെ ചെറിയൊരു നീരുറവ ഒഴുകുന്നുണ്ട്. ഒഴുകി അത് താഴേക്ക് പോയി ആറിൽ ചേരും.. പാത്രം കഴുകാൻ ഒക്കെ വെള്ളം ഞങ്ങൾ അതിൽ നിന്നാണ് എടുക്കുന്നത്.. ഞാൻ വായയും അതിൽ കഴുകി.. നല്ല തണുത്ത വെള്ളം…