കുറച്ചു നേരം അകത്തു തന്നെ ഇരുന്നപ്പോൾ എനിക്ക് ചടച്ചു. ഞാൻ പതിയെ അടുക്കള വഴി പുറത്തേക്ക് ഇറങ്ങി.. നിറയെ മരങ്ങളും ചെടികളും ഒക്കെ കൊണ്ട് നിറഞ്ഞ സ്‌ഥലമാണ് പിച്ചി കാവ്.. പ്രധാനമായും പിച്ചി പൂവ് എല്ലായിടത്തും പൂത്തു നിൽക്കുന്നുണ്ട്. അങ്ങനെ ആവണം ഇവിടെ ഈ പേര് വീണത്.. വീട്ടിലേക്ക് വരുന്ന വഴി തന്നെ പേരയും മാങ്ങയും അഞ്ഞിലി ചക്കയും ഒക്കെ ഞാൻ കണ്ടിരുന്നു.. എന്റെ വീടിന്റെ അടുത്തായിരുന്നു എങ്കിൽ അതൊന്നും ഇങ്ങനെ പഴുത്തു വെറുതെ കിടക്കില്ലായിരുന്നു.. അണ്ണാറക്കണ്ണനൊക്കെ ഇനി ഇതെല്ലാം തനിയെ സുഭിക്ഷമായി കഴിക്കാമെന്ന് കരുതണ്ട.. ഞാൻ മനസ്സിൽ പറഞ്ഞു.
അടുത്ത വീടിന്റെ പറമ്പിൽ ഒരു പനിനീർ ചാമ്പ പൂത്തു നിൽപ്പുണ്ടായിരുന്നു.. അത് ഇടയ്ക്കിടെ ചാമ്പ താഴേക്കു പൊഴിക്കുന്നുണ്ട്.. അവിടെ ചെന്നു രണ്ടെണ്ണം എടുത്താൽ കുഴപ്പം ഉണ്ടോ..? ഞാൻ ഒന്ന് സംശയിച്ചു.. അതിന് അടുത്ത് വരെ ചെന്നിട്ടു ഞാൻ എടുക്കണോ വേണ്ടയോ എന്ന ചിന്തയിൽ പരുങ്ങി നിന്നു..
‘ പൂയ്…’
പെട്ടന്ന് അവിടെ നിന്നും ആരോ എന്നെ വിളിച്ചു. ഞാൻ അവിടേക്ക് നോക്കിയപ്പോ ഒരു ചേച്ചി. എന്താ എന്ന മട്ടിൽ ചേച്ചി ചിരിയോടെ എന്നെ പിരികം ഉയർത്തി ചോദിച്ചു. ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തോൾ ഉയർത്തി കാണിച്ചിട്ട് തിരിച്ചു നടന്നു..
‘ചാമ്പക്ക വേണോ…?
ആ ചേച്ചി പിന്നെയും പിന്നിൽ നിന്ന് വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കിയപ്പോ അവർ താഴെ നിന്നും പുതുതായി വീണ കുറച്ചു പനിനീർ ചാമ്പ പെറുക്കി എന്റെ കയ്യിലേക്ക് വച്ചു തന്നു
‘ഇതൊക്കെ ഇപ്പൊ വീണതാ.. മുന്നേ വീണത് എടുക്കണ്ട…’
അവർ ചിരിച്ചു കൊണ്ട് പറഞ്ഞു. അല്പം കറുത്തിട്ട് അത്യാവശ്യം പൊക്കമൊക്കെ ഉള്ളൊരു ചേച്ചി. അപ്പോൾ എന്നോട് പേര് പറഞ്ഞു പരിചയപ്പെടുത്തി ഇല്ലെങ്കിലും രമ്യ ചേച്ചിയോട് അപ്പോൾ തന്നെ എനിക്ക് ഒരു അടുപ്പം തോന്നി. അവിടെ വന്നിട്ട് ആദ്യം അടുപ്പം തോന്നുന്ന വ്യക്തിയും ചേച്ചി ആയിരുന്നു..