അമ്മയുടെ പിന്നാലെ ഞാൻ ആ വീട്ടിലേക്ക് കയറി. ചെറിയൊരു വീടാണ്. രണ്ട് മുറി ഒരു അടുക്കള ഇടയിൽ ചെറിയൊരു ഹാൾ. എന്നാലും എന്റെ ഇടിഞ്ഞു വീഴാറായ വീടിനെക്കാൾ നല്ലത് തന്നെ.. ഇനി ഇവിടെ ആണ് താമസിക്കേണ്ടത് എന്ന് ഞാൻ ഓർത്തു. എന്നെ മുറി കാണിച്ചു തന്നത് ആ ചേച്ചി ആയിരുന്നു.. അവളുടെ പേര് എനിക്ക് അറിയില്ല.. പണ്ടെങ്ങോ കേട്ടിട്ടുണ്ട് പക്ഷെ ഓർത്തെടുക്കാൻ പറ്റുന്നില്ല.. എങ്ങാനും പേര് അറിയുമോ എന്ന് ചോദിച്ചാൽ അറിയില്ല എന്ന് പറഞ്ഞാൽ നാണക്കേട് ആകുമല്ലോ.. ഞാൻ ഒന്ന് പരുങ്ങി. ആ പെൺകുട്ടി പക്ഷെ എന്നോട് വളരെ അടുപ്പത്തോടെ ആയിരുന്നു പെരുമാറിയിരുന്നത്…
‘സ്നേഹേ… ഒന്നിങ്ങോട്ട് വന്നേടി..’
എനിക്ക് മുറി കാണിച്ചു തന്ന പെൺകുട്ടിയെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു. പേര് പിടികിട്ടി.. സ്നേഹ.. ഞാൻ ആ മുറിയിൽ കണ്ട കട്ടിലിൽ ഇരുന്നു.
അടുക്കളയിൽ നിന്നും സ്നേഹ ചേച്ചി വന്നത് ഒരു പാത്രത്തിൽ ഉപ്പുമാവും ഒരു ഗ്ലാസ്സ് ചായയും ആയി ആയിരുന്നു.. ഞാൻ വേണ്ട എന്നൊരു ഭാവം കാണിച്ചെങ്കിലും ചേച്ചി നിർബന്ധിച്ചു എനിക്ക് അത് കയ്യിൽ തന്നു.. പുതിയ സ്‌ഥലം ആയത് കൊണ്ട് എനിക്ക് ഇണങ്ങി വരാൻ സമയം എടുക്കുമെന്ന് അറിഞ്ഞത് കൊണ്ടാവണം സ്നേഹ ചേച്ചി എന്നോട് കൂടുതൽ ഒന്നും ചോദിച്ചില്ല..
അത് കൊണ്ട് തന്നെ അടുത്തുള്ള അയല്പക്കത്തെ ആളുകൾ ഒന്നും എന്നെ കാണാൻ അങ്ങനെ വന്നില്ല.. ഞാൻ മുറിക്കകത്ത് തന്നേ ഇരുന്നു. എന്നെ കാണാൻ വന്നില്ല എങ്കിലും അപ്പുറത്തെ വീട്ടിലെ ഇത്ത അടുക്കള ഭാഗത്തു വന്നു അമ്മയോട് എന്നെ കുറിച്ച് എന്തോ ചോദിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. അവർ പോയി കഴിഞ്ഞു അമ്മ എനിക്ക് ഒരു പാത്രത്തിൽ അലുവ കൂടി കൊണ്ട് തന്നു. അപ്പുറത്തെ വീട്ടിലെ റംല ഇത്ത തന്നതാണ് എന്നും എന്നോട് പറഞ്ഞു…