അമ്മയുടെ വീട് ഇരിക്കുന്ന സ്ഥലത്തിന്റെ പേരാണ് പിച്ചിക്കാവ് എന്ന്. പൊന്മല വലിയൊരു പ്രദേശം ആയത് കൊണ്ട് ചില സ്‌ഥലങ്ങൾക്ക് ഒക്കെ തിരിച്ചറിയാൻ മറ്റൊരു പേര് കൂടി ഉണ്ടാകുമായിരുന്നു. ആറു വീട്ടുകാർ താമസിക്കുന്ന ചെറിയൊരു സ്‌ഥലമാണ് ഈ പിച്ചിക്കാവ്.. അവിടേക്ക് ഇറങ്ങിയപ്പോ തന്നെ കണ്ടത് ഒരു നാലുകെട്ട് പോലെ പണിതിരിക്കുന്ന വീടാണ്.. എന്നാൽ ഇല്ലം അല്ല.. ഇതാണ് പാലയ്ക്കൽ വീട്..
അത് കഴിഞ്ഞു കാണുന്ന വീടാണ് മായച്ചിറ്റയുടെ.. അതും കഴിഞ്ഞു രണ്ട് വാർക്ക വീടുകൾക്ക് ഇടയിലാണ് ഞാൻ താമസിക്കാൻ പോകുന്ന എന്റെ വീട്. എന്റെ വീടിന് ഇപ്പുറമുള്ള പെയിന്റ് ചെയ്ത വാർക്ക വീട്ടിൽ ഒരു മുസ്ലിം ഫാമിലി ആണ് താമസിക്കുന്നത്. അതാണ് റംല ഇത്തയുടെ വീട്. മറ്റേ വാർക്ക വീട് രമ്യ ചേച്ചിയുടെയും.. രമ്യ ചേച്ചിയുടെ വീട് കഴിഞ്ഞു അങ്ങേ അറ്റത്തു ഇരിക്കുന്ന ചെറിയ വീടാണ് സന്ധ്യ പേരമ്മയുടെ… അതിനപ്പുറം മുത്തപ്പൻ കാവാണ്…
ഇതൊന്നും അവിടേക്ക് ചെന്നു കയറുമ്പോ എനിക്ക് അറിയുന്ന കാര്യങ്ങൾ ആയിരുന്നില്ല. കുറച്ചു ദിവസം കൊണ്ട് പഠിച്ചെടുത്തതാണ്… വീട്ടിലേക്ക് ഞങ്ങൾ കയറുമ്പോൾ മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി വാതിൽക്കലേക്ക് വന്നു.. എന്നെ നോക്കി അവളൊന്ന് പുഞ്ചിരിച്ചു.. ഇത് ഇവരുടെ മകളാണ്. ഇവർക്ക് ഒരു മകൾ ഉള്ള കാര്യം എനിക്ക് അറിയാമായിരുന്നു. എന്റെ അച്ഛൻ ഇവരെ വിവാഹം ചെയ്യുന്നതിനും മുമ്പ് ഇവർക്ക് ഉണ്ടായ കുട്ടിയാണ്. അതായത് ഈ അമ്മയുടെയും രണ്ടാം വിവാഹം ആയിരുന്നു എന്റെ അച്ഛനുമായി.. അത് കൊണ്ട് തന്നെ ഈ നിൽക്കുന്ന പെൺകുട്ടി എന്റെ ചേച്ചി ആണെന്ന് പറയാൻ കഴിയില്ല. രണ്ട് അച്ഛനും അമ്മയ്ക്കും ആണ് ഞങ്ങൾ ജനിച്ചത്.. എന്നേക്കാൾ പ്രായം മൂപ്പ് ഉള്ളത് കൊണ്ട് ചേച്ചി എന്ന് തന്നെ വിളിക്കേണ്ടി വരും.. നാട്ടിൽ മീൻ കൊടുക്കാൻ പോകുമ്പോൾ എല്ലാവരെയും ചേച്ചി എന്നും അമ്മേ എന്നുമൊക്കെ വിളിച്ചു ശീലിച്ച എനിക്ക് അതൊരു ബുദ്ധിമുട്ട് ഉള്ള കാര്യമല്ല…