ബസ് വന്നിറങ്ങിയ ഇടം ഒരു ചെറിയ പട്ടണം പോലെ തന്നെ ഉണ്ട്. ഹോട്ടൽ, മുടിവെട്ട് കട, സിഡി കട, പലചരക്ക് കട അങ്ങനെ അത്യാവശ്യം കടകൾ ഒക്കെ ഇവിടെ ഉണ്ട്. മഞ്ഞനിക്കടവിൽ ആണേൽ ഇതെല്ലാം ഒന്നും ഉണ്ടായിരുന്നില്ല. അത് കൊണ്ട് അവിടുത്തെക്കാൾ മെച്ചപ്പെട്ട സ്‌ഥലം ആണ് ഇതെന്ന് എനിക്ക് മനസിലായി.. അടുത്തുള്ള കടയിൽ നിന്ന് ഒരു തവണ കൂടി ഞാൻ നാരങ്ങ വെള്ളം വാങ്ങി കുടിച്ചു.. ദീർഘ യാത്രയുടെ ക്ഷീണം കുറച്ചങ്ങ് മാറി..
ഞങ്ങൾ വന്നിറങ്ങിയ സ്‌ഥലം ആണ് പൊന്മല. അവിടുന്ന് രണ്ട് വളവ് അപ്പുറമാണ് അവിടുത്തെ പ്രധാന അമ്പലം സ്‌ഥിതി ചെയ്യുന്നത്.. അവിടുന്ന് പിന്നെയും ഞങ്ങൾ മുന്നോട്ടു നടന്നു. സഞ്ചി തൂക്കി പിടിച്ചു നടക്കുന്ന അമ്മയുടെ പിറകെ വഴികൾ എല്ലാം കണ്ട് ഞാൻ നടന്നു.. ഒരു പത്തു മിനിറ്റ് നടന്നു കഴിഞ്ഞപ്പോ ഒരു വലിയ മൈതാനം ഞാൻ കണ്ടു.. അവിടെ കുറച്ചു പേര് ക്രിക്കറ്റ് കളിക്കുന്നുണ്ട്.. ഞങ്ങളുടെ നാട്ടിലെ ഗ്രൗണ്ടുകൾക്ക് ഒന്നും ഇതിന്റെ പകുതി വലുപ്പമില്ല. അതും വലുപ്പം ഉണ്ടേൽ തന്നെ ഇടയ്ക്ക് തെങ്ങും മാവും ഒക്കെ ഉണ്ടാകും. ഇവിടെ ആണെങ്കിൽ ഒരു മരം പോലും ഗ്രൗണ്ടിൽ ഇല്ല. നല്ല വിശാലമായ ഗ്രൗണ്ട്.. ബാഗ് ഊരിയെറിഞ്ഞു അവിടേക്ക് ഓടി ചെന്നു കളിക്കാൻ എന്റെ മനസ്സ് വെമ്പി.. വരട്ടെ ഇനി സമയമുണ്ടല്ലോ… ഇവിടെ വന്നിറങ്ങിയതിൽ ആദ്യമായ് ഒന്നിനോട് എനിക്ക് ഇഷ്ടം തോന്നിയത് ഈ ഗ്രൗണ്ടിനോട് ആയിരുന്നു.
ആ ഗ്രൗണ്ടിന് സമീപത്തൂടെ ഇടത്തോട്ട് കിടക്കുന്ന ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ ആയിരുന്നു പിന്നീട് നടത്തം. ഇരുവശവും നിറയെ മരങ്ങൾ വളർന്നു നിന്ന് നല്ല തണൽ വിരിച്ച വഴി ആയിരുന്നു അത്. ആ വഴിയാണ് വീട്ടിലേക്ക് പോകേണ്ടത്.. ആ വഴി അവസാനിക്കുന്നത് ഒരു ആറിന്റെ തീരത്താണ്.. എന്റെ നാട്ടിലെ തോട് പോലെ ഒന്നുമല്ല, നല്ല വീതിയുള്ള ഒഴുക്കുള്ള വലിയൊരു പുഴ ആയിരുന്നു അത്. ആറിന്റെ അവിടെ നിന്നും അക്കരയ്ക്ക് പാലം ഉണ്ട്. പക്ഷെ ഞങ്ങൾക്ക് അക്കരെ പോകണ്ട, അതിന് മുന്നേ ഇടത് തിരിഞ്ഞു ചെറിയൊരു ഇറക്കം. അതോടെ പിച്ചിക്കാവ് ആയി..