‘ഞാൻ… ഞാൻ അച്ഛന്റെ വീട് വരെ പോകുവാ.. കുറച്ചു നാൾ അവിടെ ആയിരിക്കും…’
ഞാൻ ചെറിയ ജാള്യതയോടെ പറഞ്ഞു.
‘എന്നാലും നീയിങ്ങനെ പെട്ടന്ന് വന്നു പറഞ്ഞാൽ ഞാൻ ഒരുമിച്ചു എങ്ങനെ തരാനാടാ…? ഇന്നാണേൽ മടുപ്പും അല്ലായിരുന്നോ..? ഞാൻ എത്ര ഉണ്ടെന്ന് നോക്കട്ടെ…’
ചേട്ടൻ കൈ കഴുകി ഷാപ്പിന് ഉള്ളിലേക്ക് പോയി. രണ്ടായിരത്തി എണ്ണൂർ രൂപ ഉണ്ടായിരുന്നു.. അതെണ്ണി എന്റെ കയ്യിലേക്ക് നീട്ടിയപ്പോ ശശി ചേട്ടൻ ചോദിച്ചു
‘അവിടെ ആരൊക്കെ ഉണ്ടെടാ…?
‘അവിടെ.. അവിടെ…. അമ്മയും ചേച്ചിയും…’
അവരെ എങ്ങനെ വിളിക്കണം എന്ന് എനിക്ക് നിശ്ചയം ഇല്ലായിരുന്നു. പെട്ടന്ന് ഞാൻ അങ്ങനെ ആണ് പറഞ്ഞത്. ഇവിടെ നിന്ന് തന്നെ ആ വിളി തുടരുകയായിരുന്നു…
‘നീ ഇനി എന്ന് വരുമെന്ന് പറ. കണക്ക് നോക്കിയിട്ട് ബാക്കി ഞാൻ എടുത്തു വയ്ക്കാം..’
ശശി ചേട്ടൻ പറഞ്ഞു. ഞാൻ ഒന്നാലോചിച്ചിട്ട് അതിന് മറുപടി കൊടുത്തു
‘അത് വേണ്ട.. അതിന് അപ്പുണ്ണി വരുമ്പോൾ അവന് പറ്റ് കൊടുത്താൽ മതി…’
ഞാൻ അങ്ങനെ ആണ് അവിടെ പറഞ്ഞു ഏൽപ്പിച്ചത്. പ്രത്യേകിച്ച് വരുമാനം ഒന്നും ഇല്ലാത്ത അവന് കള്ള് നല്ല ഇഷ്ടം ആണ്. ഷാപ്പിലെ ഭക്ഷണവും.. ഇടയ്ക്ക് എന്റെ ചിലവിൽ ഇവിടെ വന്നു അവൻ നല്ല തട്ട് തട്ടാറുണ്ട്. ഞാൻ പോയാൽ അത് മുടങ്ങും.. കുറച്ചു നാളത്തേക്ക് എങ്കിലും അവൻ എന്റെ പേരിൽ കഴിച്ചോട്ടെ എന്ന് ഞാൻ വച്ചു
ഷാപ്പിൽ നിന്നിറങ്ങി നേരെ പോയതും അവന്റെ അടുത്തേക്ക് ആയിരുന്നു.. പോകുന്ന കാര്യം അവന് ആദ്യം വിശ്വാസം ആയില്ല. പോകുന്നു എന്ന് വിശ്വാസം ആയപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ അല്ലാതെ വേറെ ഒരു കൂട്ട് അവനിവിടെ ഇല്ല. അവന്റെ കാര്യം ഓർത്തപ്പോ എനിക്ക് വളരെ കഷ്ടം തോന്നി..