മനു: ദേ പിൻവശത്തെ വലത്തെ മൂലയിലാണ് അടുക്കള. ഇടതുവശത്തെ രണ്ടുമൂലകളിലായി ബെഡ്റൂമുകളാണ്. അതിലൊന്ന് പൂട്ടിയിട്ടിരിക്കുകയായിരിക്കും അവരുടെ മുറിയാണ്. അടുത്തതാണ് ഇനി നമ്മുടെ ബെഡ്റൂം. അടുക്കളയുടെ മുൻപിലായി വലതുവശത്ത് തന്നെയാണ് ഡൈനിങ് ടേബിൾ. നീ പോയി വീട് ഒക്കെ ഒന്ന് കണ്ടോ.. ഞാൻ ഈ ബാഗ് ഒക്കെ റൂമിൽ കൊണ്ട് വെക്കാം.
വാതിൽക്കൽ നിന്നുകൊണ്ട് അവനെല്ലാം കാണിച്ചു തന്നു. എന്നിട്ട് ബാഗികളും ആയി മുറിയിലേക്ക് പോയി. രണ്ട് റൂമുകളുടെയും ഇടയിലാണ് ഹാൾ ഉള്ളത്, അവിടെ ടീവിയും രണ്ട് സോഫയും ഒക്കെ ഉണ്ട്. വേറെ വാതിലുകളും ജനലുകളും ഒക്കെ ഉണ്ടായിരുന്നു പക്ഷേ അതെല്ലാം അടഞ്ഞു കിടക്കുകയായിരുന്നു. ഞാൻ അടുക്കളയിലേക്ക് നടന്നു. അത്യാവശ്യം വലിപ്പമുള്ള അടുക്കളയായിരുന്നു, ഗ്യാസ് അടുപ്പും വിറകടുപ്പും പൈപ്പ് കണക്ഷനുമായി ഫ്രിഡ്ജ് അങ്ങനെ എല്ലാ സൗകര്യങ്ങളും ഉണ്ട്. അടുക്കള വാതിൽ തുറന്ന് ഞാൻ പുറത്തേക്കിറങ്ങി.
പുറകുവശത്ത് ഒരു പഴയ കിണറുണ്ട്., കിണറിന്റെ വശമെല്ലാം കല്ലുകൊണ്ടാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. കപ്പിയും കയറും തൊട്ടിയും എല്ലാം ഉണ്ട്, സ്വസ്ഥമായി നിന്ന് വെള്ളം കോരാൻ കല്ലുകൊണ്ട് തന്നെ ഒരു പ്ലാറ്റ്ഫോം പോലെ താഴെ കെട്ടിയിട്ടുണ്ട്. അതിനോട് ചേർന്ന് തന്നെ ഒരു അലക്ക് കല്ലും. അലക്ക് കല്ല് എന്ന് പറയുമ്പോൾ അത്യാവശ്യ പൊക്കത്തില് സിമന്റ് കെട്ടി തേച്ചെടുത്ത നല്ലൊരു മേശ പോലെയാണ്. ചുറ്റുപാടും വേറെ രണ്ടു നില കെട്ടിടങ്ങൾ ഒന്നുമില്ല, തൊട്ടടുത്ത വീടുകൾ പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. പുറകുവശത്തെ മുറ്റത്ത് മണ്ണാണ് മുഴുവൻ, കിണർ ഒരു വശത്താണ് മറുവശത്തായി ഒരു മാവും ഒന്ന് രണ്ട് വാഴയും ഒക്കെ ഉണ്ട്. കിണറിന്റെ അവിടെ നിന്ന് ഒരു 20 അടി മാറിയാൽ പിന്നെ മതിൽക്കെട്ടാണ്. പട്ടിയും ഒന്നും ചാടി കയറാതിരിക്കാൻ വേണ്ടി അത്യാവശ്യത്തിനും അധികം പൊക്കത്തിലാണ് പിൻവശത്തെ മതില് കിട്ടിയിരിക്കുന്നത്. മതില് കഴിഞ്ഞുള്ള സ്ഥലം വൈളും പ്രദേശമാണോ അതോ കൃഷിയിടം ആണോ എന്ന് കണ്ടിട്ട് എനിക്ക് മനസ്സിലായില്ല. ഞാൻ ആ കിണറ്റകരയിൽ നിന്ന് ചുറ്റും നോക്കി.. “ രാത്രി ഒന്ന് അലറി കരഞ്ഞാൽ പോലും ആരും കേൾക്കില്ല കൊള്ളാം നല്ല സ്ഥലം “ ഞാൻ മനസ്സിൽ ഓർത്തു.