ബെസ്റ്റ്…ആ മാനേജർ എങ്ങാനും പോലീസിനെ വിളിച്ചിരുന്നെങ്കിലോ…എന്ത് ചെയ്യും നമ്മൾ???
ആാാ എനിക്കറിഞ്ഞൂടാ
ഹോ കഷ്ടം. ദൈവമേ ഇമ്മാതിരി മൊതലിനെ ശത്രുക്കൾക്ക് പോലും കൊടുക്കരുതേ. അപ്പു കൈ കൂപ്പി ദൈവത്തോട് പ്രാർത്ഥിച്ചു.
പൊ ഏട്ടാ… ചുമ്മാ കളിയാക്കാതെ…
അമ്മു വേഗം കാറിൽ നിന്ന് പുറത്തിറങ്ങി. മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറക്കി വെച്ച ആശ്വാസം ഉണ്ടായിരുന്നു അപ്പോൾ.
ഹലോ…അങ്ങനെ അങ്ങ് പോയാലോ…ഒന്ന് നിന്നേ…
ഇനി എന്താണാവോ എന്ന ഭാവത്തിൽ അമ്മു ഏട്ടനെ നോക്കി.
അപ്പു ഡിക്കി തുറന്നു. ഇത്രയൊക്കെ ചെയ്തിട്ട് പകരം ഒരു ചെറിയ ശിക്ഷ എങ്കിലും തരാതെ എങ്ങനാ. ഈ സാധനങ്ങൾ ഒക്കെ ഫ്ലാറ്റിൽ കൊണ്ട് വെക്ക്.
ഞാൻ ഒറ്റക്കോ!!!???
പിന്നെ കൂലിക്ക് ആളെ വിളിക്കണോ???
ഒന്ന് സഹായിക്ക് ഏട്ടാ…നല്ല ഏട്ടനല്ലേ…
ഏട്ടൻ നല്ലതാ. പക്ഷെ ഈ മോൾടെ കയ്യിലിരിപ്പ് അത്ര നല്ലതല്ല. ആ മാനേജർ തെണ്ടിടെ അടുത്ത് പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോ കൂട്ട് ഒന്നും വേണ്ടായിരുന്നല്ലോ? അതുകൊണ്ട് ഇതും ഒറ്റക്ക് അങ്ങ് ചെയ്താൽ മതി.
ഹും. അമ്മു മുഖം ഒരു കോണിലേക്ക് ആക്കി കോക്രി കാട്ടി. ഒരു മാസത്തേക്കുള്ള സാധനങ്ങൾ എല്ലാം ഏതെങ്കിലും ഒരു സൂപ്പർ മാർക്കറ്റിൽ ഓഫർ വരുമ്പോൾ ഒന്നിച്ചു മേടിക്കൽ ആണ് പതിവ്. ഇന്നും അങ്ങനെ ഒരു ഷോപ്പിംഗ് ദിവസമായിരുന്നു. അത് കഴിഞ്ഞ് വെറുതെ സമയം കളയാൻ മാളിൽ കേറിയപ്പോഴാണ് എല്ലാം നടന്നത്.
അമ്മു ഓരോന്ന് ആയി എടുത്തു വെച്ചു. ഏട്ടന്റെ സഹായം കിട്ടാൻ കുറച്ചു വയ്യായ്മ അഭിനയിച്ച് ഏട്ടനെ ദയനീയമായി നോക്കി. എന്നാൽ അപ്പു ഒരു പുഞ്ചിരിയോടെ ഒറ്റക്ക് ചെയ്യ് എന്ന മട്ടിൽ തലയാട്ടി. അവനറിയാം വയ്യായ്മ ഒക്കെ ഈ കുറുമ്പത്തിയുടെ അടവാണെന്ന്.