പണിക്കരുടെ കഴുത്തിൽ കിടന്ന മാലയിൽ ക്യൂബ് ആകൃതിയിൽ രണ്ട് ലോക്കറ്റുകൾ.ഗ്ലാസ്സ് പോലെ അകം കാണാവുന്നവയായിരുന്നു അവ. അതിനുള്ളിൽ നീല നിറത്തിൽ എന്തോ പുക പോലെ, ആ പുക ചെറുതായി ചലിക്കുന്നുണ്ടായിരുന്നു.
“എന്താ ഇത് നിങ്ങടെ മാലയിൽ?” ഇന്ദിരാമ്മ ചോദിച്ചു.”അതൊന്നുമില്ല, പുതിയൊരു ഫാഷൻ ലോക്കറ്റാ”പണിക്കർ ലോക്കറ്റ് കൈ കൊണ്ട് മറച്ചു.”പിന്നേ വാളി പിള്ളേരുടെ ലോക്കറ്റ് ഒക്കെയല്ലേ ഇപ്പോ ഫാഷൻ” ഇന്ദിരാമ്മ തിരിഞ്ഞു കിടന്നു.
*******
വീടിന് മുൻപിലെ റോഡിന്റെ എതിർവശം ചില തെങ്ങുകൾ മാത്രമുള്ള പറമ്പാണ്. അവിടെ മഞ്ഞ കാട്ടുപൂക്കൾ പൂത്തു നിൽക്കുന്നു. രാവിലെ പല്ല് തേച്ചു കൊണ്ട് മഹേഷ് റോഡിലൂടെ നടന്നു. വിജനമായ വഴി, രാധയുടെയും രാധികയുടെയും വീട് ഏതാവും അയാൾ ചിന്തിച്ചു. വളവു തിരിഞ്ഞു കുറച്ചു നടന്നപ്പോൾ ചില വീടുകൾ അൽപമകലെ കണ്ടു. റബ്ബർ വെട്ടുകാരൻ രവി വഴിയിലൂടെ വരുന്നുണ്ടായിരുന്നു,
പണിക്കരുടെ റബർ മരങ്ങളും അയാളാണ് വെട്ടുന്നത്, വെളുപ്പിനെ നാല് മണിക്ക് വന്ന് അയാൾ പണി തീർത്തു പോകും.”എന്തൊക്കെയുണ്ട് വിശേഷം?” മഹേഷ് കുശലം ചോദിച്ചു “ഓ ഒന്നുമില്ല, റബർ വെട്ടൊക്കെ മടുപ്പാ, കൂപ്പിൽ തടി വെട്ടാൻ ഞാനും കൂടി വന്നാലോന്ന് ആലോചിക്കുവാ” രവി പറഞ്ഞു.”എന്നാൽ പോര് നമുക്ക് പോയി പൊളിക്കാം, സാറിനോട് വന്നു പറഞ്ഞാൽ മതി”മഹേഷ് പറഞ്ഞു.
രവിയുടെ കൂടെ മഹേഷ് തിരിച്ചു നടന്നു വീട്ടിലെത്തി. ഫോൺ കൊണ്ട് പോയിരുന്നില്ല, ഏതോ നമ്പറിൽ നിന്ന് മിസ്സ്ഡ് കാൾ വന്നു കിടക്കുന്നു, പരിചയമുള്ള നമ്പർ അല്ല. തിരിച്ചു വിളിക്കണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആ നമ്പറിൽ നിന്ന് വീണ്ടും വിളി വന്നു.”ഹലോ, ഇത് മഹേഷ് എന്നയാളുടെ നമ്പർ ആണോ?”