ജോണിക്ക് കഥ എഴുതാൻ അറിയാം , പക്ഷെ സ്ക്രിപ്റ്റിംഗ് ഒരുപാട് മെച്ചപ്പെടാൻ ഉണ്ട്, തുറന്നു പറയുന്നതിൽ വിഷമം വിചാരിക്കേണ്ട. ”
എല്ലാം കേട്ടിരുന്ന ജോണി സമ്മതത്തോടെ തല കുലുക്കി.
“ഇതൊരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ആണ് , പക്ഷെ നല്ല കഥ ആയതു കൊണ്ട് മാത്രം സിനിമ നന്നാവില്ല എന്നറിയാം , ഞാൻ ശ്രമിക്കുന്നുണ്ട്. എഴുതി എഴുതി മെച്ചപ്പടാൻ ശ്രമിക്കാം.
ഏതായാലും അടുത്ത രംഗങ്ങൾ ബാലു പറഞ്ഞ ശേഷം , ഞാൻ വായിച്ചു നോക്കി ജികെയുടെ സ്ക്രിപ്റ്റിൽ നിന്ന് പ്രചോദനം കൊണ്ട് എഴുതിയതാണ്. അത് ഈ സിനിമയുടെ രീതിക്ക് വേണ്ടി മാറ്റി എഴുതിയിട്ടുണ്ട്. മാത്രമല്ല സമ്മതമില്ലാതെ എടുത്ത ചില രംഗങ്ങൾക്ക് ടൈറ്റിൽ കാർഡിൽ ജികെ യുടെ പേര് അഡ് ചെയ്യുന്നുമുണ്ട്”
“ശരി കണ്ടിന്യൂ ചെയ്യ് ” നിശ ശരത്തിന്റെ അടുത്തുള്ള സോഫയിൽ ഇരുന്നു ബാലേട്ടൻ ജോണിയോട് പറഞ്ഞു.
അടുത്ത രംഗം
3 ആഴ്ചകൾക്ക് ശേഷം.
രംഗത്ത് ബാലേട്ടൻ ചെയ്യുന്ന ജോജിയും ലീനയുടെ കഥാപാത്രമായ റീന ജോജിയും.
————
കേളകം ടൗണിൽ നിന്നും 3 കിലോമീറ്റർ മാറി ആണ് ജോജിയുടെ വീട്. ചുറ്റും എസ്റ്റേറ്റുകൾ , അതിനിടയിലായി ചില വീടുകൾ. ജോജിക്ക് സ്വന്തമായി എസ്റ്റേറ്റും ഭൂമിയും ഉണ്ടെങ്കിലും അയാളുടെ ഏറ്റവും പ്രിയപ്പെട്ട ബിസിനസ് കേബിൾ നെറ്റ്‌വർക്ക് ആണ്. ഇപ്പോഴും മൊബൈൽ റേഞ്ച് എത്തിയിട്ടില്ലാത്ത ജോജിയുടെ പ്രദേശം ഉൾപ്പെടെ ഉള്ളിടത്തൊക്കെ അയാൾ ഏറ്റവും മികച്ച ഫൈബർ കണക്ഷനിൽ കേബിൾ കൊടുത്തിരുന്നു.
രാത്രി 10 മണി. ജോജി തന്റെ വീടിന്റെ മുറ്റത്ത് ജീപ്പ് നിർത്തി. മക്കൾ സ്ഥിരമായി ഉറങ്ങുന്ന സമയം കഴിഞ്ഞിരുന്നു.