ഓഫീസിനകത്തേക്ക് പോയ പണിക്കരും ചാക്കോയും പെട്ടെന്ന് പുറത്തേക്ക് വന്നു.”മഹേഷേ ഒരു അബദ്ധം പറ്റി, ഇവിടെ കൊടുക്കേണ്ട ഒരു കവർ വീട്ടിൽ നിന്ന് എടുക്കാൻ മറന്നു, നീ വേഗം പോയി അതിങ്ങു എടുത്തോണ്ട് വരണം, ഞാൻ ഇന്ദിരയോട് വിളിച്ചു പറയാം” പണിക്കർ പരിഭ്രാന്തനായി പറഞ്ഞു, മഹേഷ് വേഗം കാറിൽ കയറി. കാർ വീട്ടിലേക്ക് പാഞ്ഞു.
മുക്കാൽ മണിക്കൂർ കൊണ്ട് മഹേഷ് പണിക്കരുടെ വീട്ടിലെത്തി. അകത്തേക്ക് കയറിയ മഹേഷ് ആര്യ അവിടെ നിൽക്കുന്നത് കണ്ടു.”അമ്മയെവിടെ? ഒരു കവർ എടുത്തു തരുന്ന കാര്യം പറഞ്ഞിരുന്നു? ” അയാൾ വേഗം കാര്യം അവതരിപ്പിച്ചു.”അമ്മ ഇവിടില്ല, ഇവിടെ അടുത്ത് ഒരു മരണ വീട്ടിൽ പോയി,
അച്ഛൻ എന്നോട് വിളിച്ചു പറഞ്ഞിട്ടുണ്ട്, കവർ ഇപ്പോ എടുത്തു തരാം” അവൾ വേഗം മുകളിലത്തെ മുറിയിലേക്ക് കയറിപ്പോയി. മഹേഷ് ടെൻഷൻ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അഞ്ച് മിനിറ്റ് കഴിഞ്ഞിട്ടും ആര്യയെ കണ്ടില്ല. അയാൾ മുകളിലേക്ക് എത്തി നോക്കി,”ഇങ്ങോട്ടൊന്നു വരാമോ?” ആര്യയുടെ ശബ്ദം മുകളിൽ നിന്ന് കേട്ടു. മഹേഷ് പടികൾ ഓടിക്കയറി,
ആദ്യമായിട്ടായിരുന്നു അയാൾ അങ്ങോട്ട് പോകുന്നത്.”ദാ ഇവിടെ” പണിക്കരുടെ മാസ്റ്റർ ബെഡ്റൂമിൽ നിന്നായിരുന്നു ആ ശബ്ദം കേട്ടത്, മഹേഷ് അങ്ങോട്ട് ചെന്നു. അവിടെ ഒരു വശത്തു കിടക്കുന്ന മേശപ്പുറത്തു മുഴുവൻ കടലാസുകൾ ചിതറിക്കിടന്നിരുന്നു, കുറെ കണക്ക് പുസ്തകങ്ങളും മറ്റും കട്ടിലിലും.
“ഞാൻ ഇവിടെ മുഴുവൻ ഒന്ന് നോക്കി അച്ഛൻ പറഞ്ഞ കവർ കാണുന്നില്ല, ഇനി വിളിച്ചു ചോദിച്ചാൽ അച്ഛൻ ദേഷ്യപ്പെടും, വെറുതെ പുള്ളിയുടെ പ്രഷർ കൂട്ടേണ്ടല്ലോ, മഹേഷ് കൂടി ഒന്ന് നോക്കു” ആര്യ പറഞ്ഞു. മഹേഷ് വേഗം മേശയുടെ മുൻപിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്ന് മേശപ്പുറത്ത് ചിതറിക്കിടന്ന കടലാസുകൾ നോക്കിത്തുടങ്ങി.