“ന്നാ ഞാൻ ബില്ലടക്കട്ടെ. ഇയ്യ് ഓനേം കൊണ്ട് പൊയ്ക്കോ”
മകൻ ചിലപ്പോൾ ഇറങ്ങാൻ നേരത്ത് വാശി പിടിച്ച് കരഞ്ഞാലോ എന്ന് കരുതിയാണ് ഉപ്പ തന്നോട് പൊയ്കൊള്ളാൻ പറഞ്ഞത് എന്ന് അവൾക്ക് മനസ്സിലായി.
“ ഉപ്പാ…ഇങ്ങക്കൊന്നും വേണ്ടേ ”?
“എന്തിനാ? അനക്ക് തടി കൂടി മാക്സി കൊള്ളാഞ്ഞിട്ട് പുതീത് വാങ്ങാൻ വന്നതല്ലേ? മുണ്ടുടുക്കണ ഇക്കെന്തിനാ…”
“വെള്ളേം വെള്ളേം ഇട്ട് നടക്കാൻ ഇങ്ങള് ഗഫൂറാപ്പാൻ്റെ പോലെ രാഷ്ട്രീയക്കാരനൊന്നും അല്ലല്ലോ. പാൻ്റും ഷർട്ടും മതി”
ഷഹാന ഇടക്ക് കയറി പറഞ്ഞു. ഗൗരവത്തിലുള്ള അവളുടെ സംസാരവും പെരുമാറ്റവും കണ്ട് ഉപ്പ ചിരിച്ചു പോയി.
“അൻ്റെ ഇഷ്ടം പോലെ ആയിക്കോട്ടെ”
ഷഹാന ഉപ്പയുടെ പാകത്തിന് ആറേഴ് പാൻ്റുകളും അതിനു ചേർന്ന സോളിഡ് ഷർട്ടുകളും തിരഞ്ഞെടുത്തു.
“ഇങ്ങള് ഇതൊക്കെ ഇട്ട് മുടിയൊക്കെ കറുപ്പിച്ച് ചുള്ളനായി നടന്നാ മതി”
ബില്ലടച്ച് അവർ കടയിൽ നിന്നിറങ്ങി. കടയുടെ മുന്നിലുള്ള ബലൂണുകൾ കണ്ട് ഉപ്പയുടെ കയ്യിലിരുന്ന കുഞ്ഞ് കൈ നീട്ടി ശബ്ദമുണ്ടാക്കി. ബില്ലിങ് സ്റ്റാഫിൽ നിന്ന ഒരു പയ്യൻ വന്ന് നീണ്ട ഒരു സ്ട്രോയുടെ അറ്റത്ത് പിടിപ്പിച്ച ബലൂൺ എടുത്ത് കുഞ്ഞിൻ്റെ കയ്യിൽ കൊടുത്തു. അത് കിട്ടിയപ്പോൾ അവന് സന്തോഷമായി.
“ ബലൂണ് കിട്ടിയപ്പോള്ള ഓൻ്റെ സന്തോഷം നോക്കീ…പല്ലില്ലാത്ത തൊണ്ണ കാട്ടി ചിരിക്കണത് നോക്കുപ്പാ”
ഉപ്പ പേരക്കുട്ടിയുടെ കവിളിൽ പിടിച്ച് ഓമനിച്ചു.
“ന്നാ ഇഞ്ഞി നേരെ ബീച്ചീക്ക്…ല്ലേ”?