ഷഹാന പൂച്ചയുടെ തലയിൽ തലോടി വാലിനു മുകളിൽ പുറത്ത് ചൊറിഞ്ഞു കൊടുത്തു. പൂച്ച എഴുന്നേറ്റ് അവളെ മുട്ടിയുരുമ്മി കാലിൻ്റെ ഇടയിൽ കൂടി നടക്കാൻ തുടങ്ങി.
” ഓൻ്റെ ഒരു താലോലം…അല്ലേ തന്നെ വയ്യ.. ഇഞ്ഞിപ്പോ ഇയ്യും കൂടി ഇന്നെ വീഴ്ത്താനാ?”
” മ്യാവൂ.. മ്യാവൂ.. “
പൂച്ച അതിൻ്റെ പതിവ് സ്ഥലത്ത് പോയി ഇരുന്ന് ഷഹാനയെ നോക്കി സൗമ്യമായ സ്വരത്തിൽ കരഞ്ഞു.
” മ്യാവൂ. ഇപ്പോ എടുത്ത് തരാട്ടോ”
ഷഹാന വെള്ളത്തിലിട്ടു വെച്ച തലേന്നത്തെ ചോറ് ഒരു പിടിയെടുത്ത് ഒരു കഷ്ണം മീനും ഉടച്ച് ചേർത്ത് പൂച്ചയുടെ പാത്രത്തിൽ കൊണ്ട് പോയി ഇട്ട് കൊടുത്തു. തിന്ന് കഴിഞ്ഞ പൂച്ച അടുക്കളയിലെ ഒഴിഞ്ഞ ഒരു മൂല ലാക്കാക്കി പോവുന്നത് കണ്ട് അവൾ ഒച്ചയിട്ടു.
“എങ്ങട്ടാ…? എങ്ങട്ടാ…?”
ഷഹാനയുടെ ശബ്ദം കേട്ട് കണ്ടൻ പൂച്ച പെട്ടെന്ന് പിന്തിരിഞ്ഞ് വാതിൽക്കൽ ചെന്ന് നിന്ന് വാൽ വിറപ്പിച്ച് വാതിലിൽ മൂത്രം ചീറ്റി.
” എന്നുള്ളതാ ഓന്.. തിന്ന് കഴിഞ്ഞാ മൂത്രൊഴിക്കണത്. ഇവടെപ്പോ ആര് വരാനാ? ഒരു കുറിഞ്ഞീം കൂടെല്ല പേരിന്. ന്നാലും ഓൻ്റെ സ്ഥലാന്ന് അടയാളപ്പെടുത്തീല്ലേല് കണ്ടനൊര് സമാധാനോല്ല “
മൂത്രമൊഴിക്കുന്നത് കണ്ട് ഷഹാന പൂച്ചയെ ഓടിക്കാൻ ചെന്നു. വയറ് നിറഞ്ഞത് കൊണ്ട് വാൽ ഒന്ന് നീട്ടിപ്പിടിച്ച് അവളെ അഭിവാദനം ചെയ്ത് പൂച്ച എങ്ങോട്ടോ ഇറങ്ങിപ്പോയി.
കുഞ്ഞ് നല്ല ഉറക്കത്തിലാണ്. ഉപ്പ അവനെ പുതപ്പിച്ച് കൊതുകു വല ശരിക്ക് കെട്ടി തൊട്ടിലിൻ്റെ നടുവിൽ വിലങ്ങനെ കുത്തി നിർത്തിയ പലകയിൽ ഉറപ്പിച്ചു. അൽപ്പസമയം ശാന്തനായി ഉറങ്ങുന്ന പേരക്കുട്ടിയെ നോക്കി നിന്നു. അവനോടുള്ള വാത്സല്യം ഒരു പാൽപ്പുഞ്ചിരിയായി ഉപ്പയുടെ അധരങ്ങളിൽ തങ്ങി നിന്നു.