“നമുക്ക് പോലീസിനെ അറിയിച്ചാലോ സാറ?. നല്ല നാലെണ്ണം കിട്ടി അകത്തു കിടക്കട്ടെ ആ തെണ്ടി”. ജ്യോത്സ്ന അരിശത്തോടെ സാറയോട് ചോദിച്ചു.
“വേണ്ട ചേച്ചി. അത് പിന്നെ ഒരുപാടു കംപ്ലിക്കേറ്റഡ് ആവും. ഇനി എങ്ങനെയെങ്കിലും ഇതുങ്ങളെ ഇവിടുന്നു പറഞ്ഞു വിടണം”. സാറ ഉറച്ച തീരുമാനത്തോടെ കണ്ണീർ തുടച്ചുകൊണ്ട് പറഞ്ഞു. അപ്പോളേക്കും ആരോ കോളിങ് ബെൽ അടിച്ചു. ജ്യോത്സ്ന ചെന്ന് പതിയെ വാതിൽ തുറന്നു.
വാതിൽ തുറന്ന ജ്യോത്സ്നയുടെ മുഖം ആസ്വാസംകൊണ്ട് വിടരുന്നത് സാറ ശ്രദ്ധിച്ചു. വാതിലിനപ്പുറം ബാഗും തൂക്കി ജിത്ത്. എന്ത് ചെയ്യണം എന്നറിയാതെനിന്ന ജ്യോത്സ്നയ്ക്കു കലുഷിതമായ ആ നിമിഷത്തിൽ ഒരു ആൺതുണ തെല്ലല്ല ആശ്വാസം കൊടുത്തത്. സാറയെ അവിടെ കണ്ട് തെളിഞ്ഞ ജിത്തിന്റെ കണ്ണുകൾ പക്ഷേ അവളുടെ മുഖഭാവത്തിൽ എന്തോ അപകടം മണത്തു. ജിത്ത് ചേച്ചിയെ നോക്കിയപ്പോൾ അവരുടെ മുഖത്തും അതേ ഭാവം.
“എന്താ.. എന്താ നിങ്ങളിങ്ങനെ ഇരിക്കുന്നത്. എന്തേലും പ്രശ്നമുണ്ടോ?.” ജിത്ത് ഉള്ളിലേക്ക് കയറി ജിജ്ഞാസയോടെ തിരക്കി. ജോത്സ്ന പറഞ്ഞ കാര്യങ്ങൾ അവിശ്വസനീയമായാണ് ജിത്ത് കേട്ടത്. തന്റെ പെണ്ണനുഭവിച്ച ദുരിതവും വേദനയും കേട്ടുനിന്ന ജിത്തിന് അത് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. സാറയുടെ റൂമിൽ നിന്നും അപ്പോളേക്കും ഡോറിൽ ശക്തമായി അടിക്കുന്ന ശബ്ദം പുറത്തേക്കു വരുന്നുണ്ടായിരുന്നു.
“അല്ല അവനെ ഇങ്ങനെ പൂട്ടിയിട്ടു ബഹളമുണ്ടാക്കിച്ചു നാട്ടുകാരെ അറിയിക്കണോ?. ആ കീ ഇങ്ങു താ. ഞാൻ അവനെ തുറന്നു വിടാം. അവിടെ കിടന്ന് അവൻ ബഹളം ഉണ്ടാക്കേണ്ട”. ജിത്ത് സാറയുടെ നേരെ കൈ നീട്ടി. പുറകിൽ നിന്ന ജ്യോത്സ്ന അരുതെന്നു സാറയെ കണ്ണ് കാണിച്ചു. എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന സാറയുടെ കയ്യിൽനിന്നും ജിത്ത് ആ കീ തട്ടിപ്പറിച്ചു കൈക്കലാക്കി. ജിത്ത് ബാഗ് ഉള്ളിലേക്ക് വക്കാൻ പോയ സമയം ജ്യോത്സ്ന സാറയുടെ അടുത്തേക്ക് ആധിയോടെ ഓടിവന്നു.