എന്നെങ്കിലും മാറിയെ പറ്റു. അതെത്ര നേരത്തെ ആകുന്നോ അത്രയും നല്ലത്. പിന്നെ ചേച്ചി വേറാരെയും വിളിക്കാൻ നിൽക്കണ്ട. ഞാൻ ദീപുവിനോട് ഒന്ന് സംസാരിക്കട്ടെ. പെയിങ്ഗ്സ്റ്റായിട്ട് നിൽക്കാൻ ഉള്ള സ്ഥലം അവന്റെ പരിചയത്തിൽ ഒരുപാടുണ്ട്. നമുക്ക് അങ്ങനെ നോക്കാം. ഇനി പരിചയത്തിന്റെ പുറത്തു ആരെയും ബുദ്ധിമുട്ടിക്കാൻ നിൽക്കേണ്ട.” ജിത്ത് പറഞ്ഞത് ജ്യോത്സ്നയ്ക്കും തെല്ലാശ്വാസമായി.
“ശരിയാണ് മോനെ. പക്ഷേ എല്ലാം നോക്കി ഓക്കെ ആണെങ്കിലേ ഞാൻ സമ്മതിക്കു കേട്ടോ “. ജ്യോത്സ്നയുടെ കണ്ണുകൾ നിറഞ്ഞു വന്നു.
“ഓ.. അങ്ങനെ ആയിക്കോട്ടെ. ചേച്ചി നോക്കിയിട്ട് മതി. പോരെ?”. ജിത്ത് അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“എടാ ഫുഡ് ഒക്കെ ഉണ്ടാക്കി തരുന്ന ആരെങ്കിലും ഉണ്ടോന്ന് നോക്കണം. അങ്ങനുണ്ടെങ്കിൽ അത് മതി. നിന്റെ ഡ്രെസ്സൊക്കെ ആര് നനയ്ക്കും?, നീ ഒറ്റയ്ക്ക് ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യും?. എനിക്കറിയില്ല “. ജ്യോത്സ്ന കവിളിലൂടെ ഒഴുകിവന്ന കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
“എന്റെ ചേച്ചി ഒക്കെ ശരിയാവും. ഇങ്ങനെ വിഷമിക്കാതെ. ഞാൻ മാനേജ് ചെയ്തോളാം. പോരെ.” അവന്റെ ആശ്വാസവാക്കുകൾ ഒന്നും ആ പെങ്ങമനസ്സിനെ തണുപ്പിക്കാൻ പോകുന്നതായിരുന്നില്ല. നിവർത്തിയില്ലാതെ ജിത്തിന്റെ ഇഷ്ടത്തിന് അവൾ കാര്യങ്ങൾ വിട്ടുകൊടുത്തു.
അപ്പുറത്ത് സാറ ഒറ്റക്കിരുന്നു ഉരുകി തീരുകയായിരുന്നു. ജിത്തിനെ അകന്നു താമസിക്കേണ്ടിവരുന്ന വിഷമത്തിനൊപ്പം, അവന്റെ കാര്യങ്ങൾ ഒക്കെ ഇനി ആര് നോക്കും എന്നുള്ള ചിന്ത അവളെയും ആകെ കുഴക്കി. അവിടെ എന്ത് തീരുമാനം എടുത്തു എന്നറിയാനുള്ള അവളുടെ ജിജ്ഞാസയേറിവന്നു.