ഇപ്പൊ ഞാൻ മിണ്ടാതിരിക്കുന്നത് നിനക്ക് പ്രശ്നമായി തോന്നുന്നുണ്ടല്ലേ… നിനക്കവിടെ ഇത്രേം ബുദ്ധിമുട്ടുണ്ടായിട്ടും നിനക്കെന്നോട് പറയാൻ തോന്നിയോ… അത് പോട്ടേ കഴിഞ്ഞ ദിവസം കണ്ടപ്പോ വീടെങ്ങനെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോന്ന് ചോദിച്ചപ്പോ നീ എന്താ പറഞ്ഞേ സുഖമാണെന്ന്… നിന്റെ പ്രശ്നങ്ങൾ ഷെയർ ചെയ്യാൻ ഞാൻ പറ്റില്ലെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കിൽ പിന്നെ ഞാനെന്തിന് സംസാരിക്കണം… എന്നോട് പറയുന്നത് പോട്ടേ നമ്മുടെ നാട്ടിൽ എത്രപേരിവിടെ നല്ല പോസ്റ്റുകളിൽ ജോലിചെയ്യുന്നുണ്ട് നിന്റെ ഉപ്പ തന്നെ കൊണ്ടുവന്ന് നല്ല ജോലികളിൽ ആക്കിക്കൊടുത്ത എത്രപേരുണ്ടിവിടെ അവരെ ആരെയെങ്കിലും വിളിച്ചു കാര്യം പറഞ്ഞൂടായിരുന്നോ…
റംഷാദ് : അതല്ലിക്കാ ഞാൻ വെറുതെ എന്റെ പ്രശ്നങ്ങൾ പറഞ്ഞ് നിങ്ങളെ കൂടെ വിഷമിപ്പിക്കണ്ടാന്ന് കരുതിയിട്ടാ… മാത്രമല്ല ഞാൻ വന്ന സമയത്ത് ഭാഷപോലുമറിയാതെ ബംഗാളികളെ ഇടയിൽ അവര് വെക്കുന്ന പാരക്കു ചീത്ത കേട്ടൊക്കെ നിൽക്കുമ്പോ ഞാൻ കുടുംബക്കാരെയും നാട്ടുകാരെയും ഒക്കെ ഒരുപാട് പേരെ എന്തേലും ചെയ്തുതരാൻ പറ്റുമോ എന്ന് ചോദിച്ചു വിളിച്ചിരുന്നു… എല്ലാരും എന്തേലും പറഞ്ഞ് ഒഴിയും പിന്നെ ഞാൻ ആരോടും ഒരു പ്രശ്നോം പറയാൻ നിന്നില്ല പോകെ പോകെ എനിക്കുമത് ശീലമായി… ഇങ്ങക്കറിയോ ഓള് പ്രസവിക്കാൻ ആയപ്പോ ഒരുമാസത്തേക്ക് ആയിരം റിയാൽ കടം ചോദിച്ചു വിളിച്ചിട്ട് പോലും ആരും ഒന്നും തന്നില്ല അവസാനം അവളെ മഹർ പണയം വെച്ചാ ഹോസ്പിറ്റലിലെയും മറ്റും പൈസ ഒപ്പിച്ചത്… ഞാനൊറ്റക്കാണെന്നും എനിക്കാരുമില്ലെന്നും അന്നെനിക്ക് മനസിലായി… അതിൽ പിന്നെ ഞാൻ ആരെയും ഒന്നിനും വിളിക്കാറുപോലുമില്ല…