എഴുതപ്പെട്ടത് പോലെ അന്ന് രാത്രിയും പുലർന്നു പിറ്റേദിവസം എല്ലാവരും എഴുന്നേറ്റു വന്നപ്പോഴേക്കും അനഘ അവിടെ നിന്നും പോയിരുന്നു.
താൻ പോവുകയാണെന്ന് ഇച്ചായനോട് പറയണം എന്നും അവൾ സ്മിതയെ പറഞ്ഞേൽപ്പിച്ചിരുന്നു എങ്കിലും ജസ്റ്റിനിൽ അത് യാതൊരു മാറ്റം ഉണ്ടാക്കിയില്ല…!!
എന്താണ് സംഭവിച്ചത് എന്ന് ആരും അവനോട് ചോദിക്കാനും പോയില്ല അവർക്കെല്ലാം ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു
റൂം വെക്കേറ്റ് ചെയ്യുന്നതിനുമുൻപ് ആയി സൈഡിലെ ടേബിളിൽ നിന്നും ജസ്റ്റിന് നാലായി മടക്കിയ ഒരു പേപ്പർ ലഭിച്ചു അതിന്റെ തുടക്കത്തിൽ…’ ജീവ ടു ജസ്റ്റിൻ ‘ എന്ന് എഴുതിയിരുന്നു.
ജസ്റ്റിൻ ആകാംഷയോടെ അത് തുറന്നു അതിൽ ഇങ്ങനെ എഴുതിയിരുന്നു..
” അളിയാ ജസ്റ്റി അങ്ങനെ വിളിക്കാൻ അവകാശം ഉണ്ടോ എന്ന് എനിക്ക് അറിയില്ല.. നിന്നോട് ഒരിക്കൽ ഞാനൊരു കാര്യം സംസാരിച്ചിരുന്നു.
എനിക്ക് ഒരു ബഡാ രഹസ്യം നിന്നോട് പറയാനുണ്ടെന്ന്..!! ഒരു പക്ഷേ അത് ഞാൻ പറയുന്നതിന് മുന്നേ നീ അറിഞ്ഞിട്ടുണ്ടാവണം. അന്ന് അതിനോടൊപ്പം ഞാൻ മറ്റൊരു കാര്യം കൂടി കൂട്ടി ചേർത്തിരുന്നു, ആ രഹസ്യം.. നീ അറിയുന്ന നിമിഷം മുതൽ പിന്നീട് നീ എന്നെ കാണില്ല എന്ന്…. ആ വാക്ക് ഞാൻ പാലിക്കുകയാണ്..”
വായിച്ചു കഴിഞ്ഞതും ജസ്റ്റിൻ ഒരു ദീർഘ നിശ്വാസം എടുത്തു വിട്ടു.. പിന്നെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു അതെ ലൈറ്റർ എടുത്ത് ആ കടലാസ് അവൻ കത്തിച്ചു കളഞ്ഞു.
ജീവിതം പിന്നെയും മുന്നോട്ട് ഓടി കൊണ്ടിരുന്നു.. മാസങ്ങളും വർഷങ്ങളും കടന്ന് പോയി… അനഘ പിന്നീട് ഏതോ നാട്ടിലേക്ക് മൈഗ്രേറ്റ് ചെയ്ത് പോയി.. എന്നവൻ അറിഞ്ഞു..!!