റൂംബോയിയുടെ കൂടെ അവർ ബുക്ക് ചെയ്ത കോട്ടേജിലേക്ക് നടന്നു.
പുറത്ത് നിന്ന് നോക്കിയാൽ പുല്ല് മേഞ്ഞ ചെറിയ കുടിലുകളാണ് ഓരോ കോട്ടേജും. കുത്തനെയുള്ള ഇറക്കത്തിലൂടെ വെട്ടിയുണ്ടാക്കി, പരുക്കൻ ടൈൽസ് പാകിയ വഴിയിലൂടെയാണ് നടത്തം .
താഴെയുള്ള ഒരു കോട്ടേജിലേക്ക് റൂം ബോയിയോടൊപ്പം അവർ കയറി. മുൻഭാഗം ഭൂമി നിരപ്പിലാണെങ്കിലും മറുഭാഗം ഒരു നില ഉയരത്തിലാണ്. കുത്തനെയുള്ള മലഞ്ചെരുവിന് അനുസൃതമായാണ് ഓരോ കോട്ടേജും പണിതിരിക്കുന്നത്.
സൗകര്യങ്ങളും, പൂളിന്റെ ഉപയോഗങ്ങളുമൊക്കെ പറഞ്ഞ് കൊടുത്ത്, എന്താവശ്യമുണ്ടെങ്കിലും വിളിക്കാൻ പറഞ്ഞ് റും ബോയി പോയി.
മൂന്നാൾക്കും മുറിയിഷ്ടപ്പെട്ടു.
എല്ലാം നടന്ന് കണ്ട് വാതിൽ തുറന്ന് ബാൽക്കണിയിലേക്കിറങ്ങിയ രജനി അൽഭുതം കൊണ്ട് ഉറക്കെ ഒരൊച്ചയുണ്ടാക്കി… !
ശബ്ദം കേട്ട് ശിവരാമനും, ഗോപികയും ഓടിവന്നു… അവരുടെ തൊണ്ടയിൽ നിന്നും അൽഭുതത്തിന്റെ ഒരു ശബ്ദമുണ്ടായി.
മലഞ്ചെരുവിന് താഴേ… കുറേ ദൂരത്ത്…
കടുംനീല നിറത്തിൽ വെളളം നിറഞ്ഞ് നിൽക്കുന്ന ബാണാസുരാ സാഗർ അണക്കെട്ട്…
അത് മനോഹരമായൊരു കാഴ്ച തന്നെയായിരുന്നു.
സ്വിമ്മിംഗ് പൂളിലിറങ്ങിയാലും ഡാം കാണാം.. ബാൽക്കണിയും, പൂളുമായി കട്ടിയുളള ഗ്ലാസ് കൊണ്ട് വേർതിരിച്ചിരിക്കുകയാണ്. പൂളിലും നല്ല പ്രൈവസിയാണ്..കൂടുതൽ പ്രൈവസി വേണ്ടവർക്ക് കർട്ടൻ നീക്കിയിടാം…
ബെഡ്‌റൂമും പുളും രണ്ടടി ഉയരമുള്ള ഒരു പടവ് കൊണ്ട് വേർതിരിച്ചിട്ടുണ്ട്. റൂമിലേക്ക് വെള്ളം തെറിക്കാതിരിക്കാനായാണത്… ബെഡിലിരുന്നാലും പുളിൽ മുങ്ങിയാൽ കാണാം.