അന്ന്…
ടൗണിൽനിന്നും അധികം ദൂരത്തല്ലാത്ത ഒരു വീട് നോട്ടമിട്ട രവി, രാത്രി ഏകദേശം പന്ത്രണ്ട് മണിക്ക് “പണിക്കായി” അവിടെ എത്തി. വീട് വലുതെങ്കിലും അത്ര മോഡേൺ അല്ല. പുറത്തെ കൂട്ടിൽ നായയെ കാണാതിരുന്ന രവി, വീട്ടിലേക്ക് ചാഞ്ഞുനിൽക്കുന്ന മാവിൻ കൊമ്പിലൂടെ വീടിന്റെ പിന്നമ്പുറത്തെ ടെറസ്സിൽ എത്തി.
സൂക്ഷ്‌മ നിരീക്ഷണത്തിന് ശേഷം ടെറസ്സിൽ കാൽ വെച്ചതും മുകളിൽ നായയുടെ അമറൻ കുര!!! കൈയ്യിൽ കരുതിയ മാംസം എറിഞ്ഞ് കൊടുത്തതും നായയുടെ കുര അവസാനിച്ചു. എങ്കിലും ഒന്നുരണ്ട് കഷ്ണം കൂടി കൊടുത്ത് നായയെ മയക്കി തുറക്കാൻ പറ്റിയ കതക് / ജനൽ തപ്പി നടന്നു.
കള്ളനെ സഹായിക്കാൻ ദൈവത്തിന്റെ ഒരു കാരുണ്യം ലഭിക്കും എന്ന് വിശ്വസിക്കുന്ന രവി, പാതി തുറന്ന് കിടക്കുന്ന ഒരു ജനൽ പാളി ശ്രദ്ധിച്ചു. അരികെയെത്തി തുറന്നപ്പോൾ മരത്തിന്റെ അഴി. തൊട്ടപ്പുറത്തുള്ള പൈപ്പിൽനിന്നും എടുത്ത വെള്ളത്തിൽ കൈയ്യിൽ കരുതിയ ടർക്കി നനച്ച് അഴികളിൽ കീഴെയുള്ള മൂന്നെണ്ണത്തിൽ വച്ചു.
ഒരുമണിക്കൂർ കഴിഞ്ഞ് നനവ് പടർന്ന അഴിയിൽ ഭേദപ്പെട്ട ഒരു ചവിട്ട് കൊടുത്തതും അഴികൾ ഒടിഞ്ഞ് രവിക്ക് വഴിയൊരുക്കി.
അതിലൂടെ നൂഴ്ന്ന് അകത്ത് കയറിയ രവിയ്ക്ക് മുകളിൽ ആരും ഇല്ലെന്ന് ബോധ്യമായി. പണിയാരംഭിച്ച രവിക്ക് അവിടെനിന്ന് ഒന്നും കിട്ടിയില്ല. തുടർന്ന് ഗോവണി വഴി താഴേക്ക് ഇറങ്ങി ആളനക്കം ഇല്ലെന്ന് ഉറപ്പാക്കി, മുറികളിൽ പരതി.
അവസാനം അലമാരയുടെ മൂലയ്ക്ക് കണ്ട ഒരു ജോഡി കമ്മൽ കൈക്കലാക്കി പരിപാടി അവസാനിപ്പിക്കാൻ തീരുമാനിച്ചു. തിരികെ വരുമ്പോൾ ബാത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം. രവി കാത് കൂർപ്പിച്ചു. അൽപ്പം കഴിഞ്ഞ് മുറിക്കകത്ത് പുരുഷന്റേയും സ്ത്രീയുടെയും ശബ്ദം.