വീടിനരികിൽ എത്തിയതും ഏഴെട്ടുപേർ വീട്ടിൽനിന്നും ഇറങ്ങുന്നതുകണ്ട രവി മരത്തിന് പിന്നിൽ ഒളിച്ചു. പെരുന്നാൾ കൂടാനായിരിക്കും അവർ പോകുന്നത്. കൺവെട്ടത്തുനിന്നും അവർ മാഞ്ഞപ്പോൾ, ഗേറ്റ് കടന്ന രവി പിന്നിലെ റബ്ബർ പുരയിൽ ഒളിച്ചു.
ഏകദേശം ഒരുമണിക്കൂർ അവിടെ ചിലവഴിച്ച് ആളനക്കം ഇല്ലെന്ന് ഉറപ്പിച്ച്, കൈയ്യിൽ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ ശബ്ദമുണ്ടാകാതെ കുത്തിതുറന്ന് അകത്ത് കടന്നു.
പൊതുവേ പറയാറുണ്ട്, മോഷ്ടാവിന് വേണ്ട ടൂൾസ് വീട്ടുകാർ ഒരുക്കിക്കൊടുക്കുമെന്ന്. ഇവിടെ അതാണ് സംഭവിച്ചതും.
ഇനി കുറച്ചുനേരം കാക്കണം. ആരെങ്കിലും ഉണർന്നിരിക്കുന്നുണ്ടോ എന്ന് മനസ്സിലാക്കണം. രംഗം ശാന്തവും അനുകൂലവുമെങ്കിൽ പണി തുടങ്ങാം. ഇരുട്ടിൽ രവി മെല്ലെ നീങ്ങി. ഹാൾ കഴിഞ്ഞ് ആദ്യം കണ്ട മുറിയിൽ സശ്രദ്ധം കാത് കൂർപ്പിച്ചു.
തുറന്ന് കിടന്ന വാതിലിലൂടെ അകത്ത് കടന്ന രവി പതിവ് ക്രിയകൾ പുറത്തെടുത്തു. കാര്യമായി ഒന്നും തടഞ്ഞില്ലെങ്കിലും ശ്രമം അടുത്ത മുറിയിലേക്ക് വ്യാപിപ്പിച്ചു. അവിടുത്തെ അന്വേഷണത്തിൽ ഒരു വലിയ താക്കോൽ കൈയ്യിൽ തടഞ്ഞുവെങ്കിലും അതിനുപറ്റിയ ദ്വാരം അവിടെ ഒരിടത്തും കണ്ടെത്താൻ കഴിഞ്ഞില്ല.
അവസാനം, തിരികെ ഹാളിൽ എത്തിയതും കൊത്തുപണികളുള്ള മേശയുടെ മുകളിൽ ഇരിക്കുന്ന തിരുരൂപത്തിൽ രവിയുടെ കണ്ണുടക്കി. എന്റെ ദൈവമേ… എന്നെ സഹായിക്കണേ എന്ന് മനസ്സിൽ പ്രാർഥിച്ച് രൂപത്തിൽ തല ചായ്ച്ച രവിയെ അത്ഭുതപ്പെടുത്തികൊണ്ട് ആ രൂപം സ്വയം മെല്ലെ പിന്നിലേക്ക് നീങ്ങി.