“എങ്കിൽ ശരി, നിങ്ങൾ രണ്ടുപേരും എൻജോയ്, എന്നെ വിട്ടാൽ മതി.”
“വീട്ടിൽ എന്തെങ്കിലും അത്യാവശ്യമുണ്ടോ? മാറ്റിവെക്കാമെങ്കിൽ മാറ്റിവെക്കൂ. നമ്മൾ ഇന്ന് പരിചയപ്പെട്ടിട്ട് അതൊന്ന് ആഘോഷിക്കണ്ടേ?” ഐശ്വര്യ നിർമലയെ നോക്കി.
“അതെ, ശരിക്കും നീ അടുത്ത് പരിചയപ്പെടേണ്ട ആളാണ് ഐശു,” രജനി കൂട്ടിച്ചേർത്തു.
നിർമല ഒന്ന് ആലോചിച്ച ശേഷം ഐശ്വര്യയോട് പറഞ്ഞു, ” ഒന്നുമില്ല, വീട്ടിൽ സിസി ടി വി വെക്കാൻ ആൾ വന്നിട്ടുണ്ട്.”
“അത്രേയുള്ളൂ.. അവർ അത് വെച്ചോളും,” രജനി അവളെ നോക്കി.
“അതല്ലടീ. അത് സെറ്റ് ചെയ്യുമ്പോൾ ആരെങ്കിലും കൂടെ വേണം, അതിന്റെ പൊസിഷനും ആംഗിളുമൊക്കെ അപ്പൊ തന്നെ പറഞ്ഞ് ശരിയാക്കിയില്ലെങ്കിൽ ആകെ കുളമാകും. പിന്നെ നമ്മൾ ചെന്ന് നോക്കുമ്പോൾ ഒരു സ്ഥലവും കവർ ചെയ്തുകാണില്ല. മാത്രമല്ല, ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ അതിന്റെ ഒരു ടിവി ആപ്പും മൊബൈൽ ആപ്പുമൊക്കെ ഉണ്ട് അത് സെറ്റ് ചെയ്ത് വിഷ്വൽ ഒക്കെ നന്നായി കിട്ടുന്നുണ്ടോ എന്നൊക്കെ നോക്കി ഉറപ്പാക്കണം. ഇത് കമ്പനി നേരിട്ട് വന്ന് വെക്കുന്നതാ. ഇനിയിപ്പോ ഇന്ന് വിട്ടാൽ പിന്നെ അവരെ കിട്ടാൻ സമയമെടുക്കും.”
“അതിന് വീട്ടിൽ മാളുവേച്ചി ഇല്ലേ?”
“ചേച്ചി ഞാൻ ചെന്നിട്ട് ഇറങ്ങാൻ നിൽക്കുകയാ.. നാട്ടിൽ ഏതോ കല്യാണമുണ്ടത്രേ. നേരത്തെ എന്നോട് പറഞ്ഞതാ. സിസി ടിവിക്കാർ ഇല്ലെങ്കിൽ കുഴപ്പമില്ലായിരുന്നു, പൂട്ടിയ ചാവി ദീപുവിനെ ഏൽപ്പിക്കാൻ പറഞ്ഞാൽ മതിയായിരുന്നു. പക്ഷേ ഇതിപ്പോ അതല്ലല്ലോ സീൻ,” നിർമല പറഞ്ഞുവെച്ചു.
ഒരല്പ നേരത്തെ നിശബ്ദതയ്ക്ക് ശേഷം രജനി പറഞ്ഞു, “എടീ മണ്ടി, അപ്പൊ നിനക്ക് ഈ സിസിടിവി കാരെ ഹാൻഡിൽ ചെയ്യുന്ന കാര്യവും അവനെ, ആ ദീപുവിനെ ഏൽപ്പിച്ചാൽ പോരെ? അവനാവുമ്പോ ഈ മൊബൈലും ആപ്പുമൊക്കെ മാളുവേച്ചിയേക്കാൾ നന്നായി കൈകാര്യം ചെയ്യാനും അറിവുണ്ടാകും.”