🌲…..തണലോരങ്ങളിൽ…..🌲
Thanalorangalil | Author : Sunny
കഥയില്ലാക്കഥകൾ 1
“പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു…”നീണ്ട യാത്ര കഴിഞ്ഞെത്തിയ പുലർകാലത്ത് തണുത്ത തലച്ചോറിനെ ചൂടാക്കുവാൻ ഓരോരോ കാടൻ ചിന്തകൾക്കൊപ്പം ഒരു സൈക്കിൾ ചായയും മൊത്തിക്കുടിച്ചു കൊണ്ട് മൂളിപ്പാട്ടുതിർത്ത് തേക്കിൻകാട്ടിലൂടെ നടന്ന് കോണിലൊഴിഞ്ഞ മരച്ചുവട്ടിലിരുന്നു..
ജീവിതമുറങ്ങുന്ന റൗണ്ട്….,
അതോ ഉണരുന്നതോ…?
….. റൗണ്ട് ‘ ഓ…. ഇംഗ്ളിഷിലായതിനാൽ സാംസ്കാരികതലസ്ഥാനത്തിന് പ്രശ്നൊന്നു ല്ലെന്ന് തോന്നുന്നു.!?
റൗണ്ടിന്റെ മലയാളം കേറ്റിനോക്കിയാൽ ചുറ്റ് അല്ലെങ്കിൽ വട്ടം… വൃത്തം.. വളയം.
ചുറ്റുവട്ടം…, വലിയ കുഴപ്പം ഇല്ലെന്ന് തോന്നുന്നു..
ശേ.. വേണ്ട…,റൗണ്ട് തന്നെ മതി…!
…അല്ലെങ്കിലും സംസ്കാരങ്ങളെല്ലാം കൊണ്ടും കൊടുത്തും വളർന്നതല്ലേ…. അല്ലാതെ നമ്മുടെ സംസ്കാരം എന്നൊക്കെ പറയുന്നത് വലിയൊരു നുണ തന്നെയാണല്ലോ……!?
മരച്ചുവട്ടിലെ സിമന്റ് ചുറ്റിൽ മലർന്ന് കിടന്ന് മുകളിൽ ചരിഞ്ഞ് നോക്കുന്ന കാക്കയുടെ തൂവൽക്കുണ്ടിയിൽ നോക്കി നെടുവീർപ്പിട്ടു….
എങ്ങാനും ഹരിഹർജഗദീഷിന്റെ അവസ്ഥ വന്നാലോ… റിസ്കെടുക്കെണ്ട, വലിയ ടൗവ്വൽ പോക്കറ്റിൽ നിന്നെടുത്ത് നിവർത്തി മുഖവും തലയും മറച്ച് നീണ്ട് നിവർന്ന് കിടന്നു…….
രാവിലെ ആറു മണിക്ക് തിരക്കിട്ട് കൂലിപ്പണിക്ക് പോകുന്നവരുടെയൊപ്പം ജോഗിങ്ങും ചാട്ടവും ഓട്ടവുമായുള്ള ബഹളങ്ങളും കേട്ടുകൊണ്ട് ഇളം തണുപ്പിൽ ചെറുതായി മയങ്ങി മയങ്ങി ഉറങ്ങിപ്പോയി..