🔻അനിത അക്കുവിന്റെ കൂട്ടുകാരിയാണ്.. അനിതയുടെ ചേച്ചി അനഘ എന്റെ കൂട്ടുകാരിയും അതിലുപരി ഞങ്ങൾ ബന്ധുക്കളുമാണ്, ഞങ്ങളുടെ വീടിന്റെ അടുത്തുനിന്നും അരകിലോമീറ്റർ അകലെയാണ് അനിതയുടെ വീട്,🔺
അക്കു പറഞ്ഞ് നിർത്തിയതും..
“അതിന്..!” ഞാൻ ചോദിച്ചു.
“നിക്ക് ഞാനൊന്ന് പറയട്ടെ..!”
എന്റെ കയ്യിൽ ഒന്ന് അമർത്തി പിടിച്ച് വിട്ടുകൊണ്ട് അക്കു തുടർന്നു.
“അനിതയുടെ ബന്ധുവും ആ ബന്ധുവിന്റെ നാലഞ്ച് ഫ്രണ്ട്സും ഇപ്പൊ അനിതയുടെ വീട്ടിൽ വന്നിട്ടുണ്ട്..!”
അത്രേം പറഞ്ഞ് നിർത്തി എന്റെ മുഖത്തേക്ക് നോക്കിയ അക്കു വീണ്ടും തുടർന്നു.
“വൈകിട്ട് അവര് ഇങ്ങോട്ട് വന്ന വണ്ടി അവരുടെ ഏതോ ഒരു ബന്ധു തിരിച്ച് കൊണ്ടുപോയി, വൈകിട്ട് അവരെ കൂട്ടികൊണ്ടുപോകാൻ ആ ബന്ധു വരാമെന്ന് പറഞ്ഞിരുന്നു പക്ഷെ ഇപ്പൊ വിളിച്ചപ്പൊ അയാൾ മറ്റെവിടെയൊ നിക്കുവ അയാൾക്ക് വരാൻ പറ്റില്ല എന്ന് പറഞ്ഞു..! അവർക്കിപ്പോ തിരിച്ച് പോകാൻ വേറെ വണ്ടി ഇല്ല..!”
അത്രേം പറഞ്ഞ് നിർത്തിയ അക്കു ഒരു കള്ള ലക്ഷണത്തോടെ അവളുടെ ആ ഉണ്ട കണ്ണുകൾ മാത്രം ഉയർത്തി എന്റെ മുഖത്തേക്ക് നോക്കി.
“അതിന്..?”
കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാക്കിയ ഞാൻ കടത്തിണ്ണയിൽ നിന്നും പതിയെ എഴുന്നേറ്റുകൊണ്ട് ചോദിച്ചു.. ആ സമയം അക്കുവും എന്റെ കയ്യിൽ തൂങ്ങി എന്റെ ഒപ്പം ചാടി എഴുന്നേറ്റു..
“അ.. അല്ല.. അത് അ…അപ്പൂസിന് അവരെ… അവരെ”
അക്കു എന്തൊക്കെയോ പറഞ്ഞ് നിന്ന് വിക്കാൻ തുടങ്ങി..
“അവരെ..?” അവളെ തുറിച്ച് നോക്കികൊണ്ട് ഞാൻ വീണ്ടും ചോദിച്ചു..