ഒന്നാം വളവ് മാത്തുക്കുട്ടി വീശിയൊടിച്ചപ്പോ തന്നെ നാൻസി പണി തുടങ്ങി. അവൾ മനപ്പൂർവ്വം സൗമ്യയുടെ ദേഹത്തേക്ക് വീണു. സൗമ്യ നീങ്ങി മാത്തുക്കുട്ടിയുടെ തൊട്ടടുത്തെത്തി.
“മാത്തുക്കുട്ടീ, നിനക്ക് കല്യാണമൊന്നും നോക്കുന്നില്ലേടാ…ഞങ്ങളേക്കാൾ രണ്ട് മൂന്ന് വയസിന് മൂത്തതാ നീ…”
നാൻസി തല ചെരിച്ച് അവനെ നോക്കി.
“ഉം..നോക്കണം… നിങ്ങള് പഠിക്കുന്ന സ്ഥലത്ത് എനിക്ക് പറ്റിയ കുട്ടികളുണ്ടോടീ…? “
“അപ്പോ പഠിക്കുന്ന പിള്ളാരെയാ നോട്ടം.. ശരി..ഞങ്ങളൊന്ന് നോക്കട്ടെ.. നമ്മുടെ ഷേർലിയെ ഒന്ന് നോക്കിയാലോടീ സൗമ്യേ… ? അവള് മാത്തുക്കുട്ടിക്ക് നല്ല ചേർച്ചയായിരിക്കും… ”
“ആ… ശരിയാടീ… ഇവര് തമ്മിൽ നല്ല ജോഡിയാ… ഞങ്ങള് അവളോടൊന്ന് സംസാരിക്കട്ടെ…
അല്ല മാത്തുക്കുട്ടീ, അപ്പോ നീയിത് വരെ ആരെയും പ്രേമിച്ചിട്ടില്ലേ… ? “
സൗമ്യ അവന്റെ ഉള്ളറിയാൻ വേണ്ടി ചോദിച്ചു.
“എവിടുന്ന്… എന്നെയൊക്കെ ആരേലും പ്രേമിക്കോ… ? “
ശ്രദ്ധയോടെ ജീപ്പ് ചുരം കയറ്റിക്കൊണ്ട് നിരാശാ ഭാവത്തിൽ അവൻ ചോദിച്ചു.
“അതെന്താ മാത്തുക്കുട്ടീ..? നീ കാണാൻ സുന്ദരനല്ലേ… ?
മാന്യമായി കുടുംബം നോക്കുന്നുമുണ്ട്..പിന്നെ നിനക്കെന്താണൊരു കുറവ്…?”
“എന്തെങ്കിലും കുറവുണ്ടാവും… അതാവാം ഒരു പെണ്ണും ഇത് വരെ എന്നെ തിരിഞ്ഞ് നോക്കാത്തത്..”
“എന്നാലേ,നമ്മുടെ മണിമലയിൽ തന്നെ നിന്നെ ഇഷ്ടപ്പെടുന്നവരുണ്ട്… നീയത് ശ്രദ്ധിക്കാഞ്ഞിട്ടാ… അതെങ്ങിനാ.. നിനക്കെപ്പഴും ടൗണിൽ പോണം, നാട്ടുകാർക്ക് വേണ്ട സാധനങ്ങളെത്തിക്കണം, ഈയൊരു ചിന്തയല്ലേയുള്ളൂ… അതിനിടയിൽ നിന്നെയാരെങ്കിലും ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ ശ്രദ്ധിക്കാൻ നിനക്കെവിടെ സമയം…?”