എന്നും പോകുന്ന ജീപ്പ് നേരത്തെ പോയിട്ടുണ്ടാവും. എങ്കിലും ഇവിടെ നിന്നാൽ മണിമലയിലേക്ക് ഏതേലും വണ്ടി കിട്ടും.
കുറച്ച് നേരം അവരവിടെ നിന്നു.
ദൂരെ നിന്നും ഒരു ജീപ്പ് വരുന്നത് കണ്ട് നാൻസി നോക്കുമ്പോ മാത്തുക്കുട്ടിയുടെ ജീപ്പ്.
നാൻസി റോഡിലേക്കിറങ്ങി കൈകാണിച്ചു.
അവരുടെ അടുത്ത് ജോണിക്കുട്ടി ജീപ്പ് നിർത്തി.
“മണിമലയിലെ സുന്ദരികൾക്കിന്നെന്തേ വണ്ടിയൊന്നും കിട്ടിയില്ലേ… ?’
അവരെയൊന്ന് ചൂടക്കാൻ വേണ്ടി മാത്തുക്കുട്ടി ചിരിയോടെ ചോദിച്ചു.
“ഇപ്പഴെങ്കിലും സമ്മതിച്ചല്ലോ,ഞങ്ങൾ സുന്ദരികളാണെന്ന്… അല്ലേടീ… ?”
നാൻസിയും അവനെയൊന്നിളക്കി.
“എന്താ, പോരുന്നുണ്ടോ രണ്ടാളും..?”
“ഞങ്ങൾക്കിന്നൽപം വൈകി മാത്തുക്കുട്ടി… ഏതേലും വണ്ടി വരുന്നതും കാത്ത് നിൽക്കുകയാ..”
നാൻസി ജീപ്പിന്റെ പിന്നിലേക്ക് നടന്നുകൊണ്ട് പറഞ്ഞു. പിന്നിലെത്തിയപ്പോൾ അവിടെ മൂടി കെട്ടിയിരിക്കുകയാണ്. നിറച്ചും സാധനങ്ങളാണെന്ന് തോന്നുന്നു.
അവൾ വീണ്ടും മുന്നിലേക്ക് വന്നു.
“എങ്ങിനെ കേറും മാത്തുക്കുട്ടീ… പിന്നിൽ സാധനങ്ങളല്ലേ..?’”
“ നിങ്ങള് രണ്ട് പേരല്ലേയുള്ളൂ.. ഇങ്ങോട്ടിരുന്നോ…”
മുൻ സീറ്റ് ചൂണ്ടിക്കാട്ടി അവൻ പറഞ്ഞു.
നാൻസി സൗമ്യയോട് ആദ്യം കയറാൻ ആഗ്യം കാട്ടി. സൗമ്യ മടിയൊന്നുമില്ലാതെ മുൻ സീറ്റിൽ കയറി നീങ്ങിയിരുന്നു. ഇപ്പുറത്ത് നാൻസിയും കയറിയിരുന്നു. മാത്തുക്കുട്ടി വണ്ടിയെടുത്തു.
ടൗണിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരം നിരപ്പായ റോഡാണ്. അത് കഴിഞ്ഞാണ് ചുരം തുടങ്ങുന്നത്.
മാത്തുക്കുട്ടി, സൗമ്യയുടെ അച്ചമ്മയുടെ വിശേഷങ്ങളൊക്കെ തിരക്കി.അവനാണ് അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയത്.